പ്രതീകാത്മക ചിത്രം
വാഴക്കുളം: പശ്ചിമഘട്ടത്തിലെ വനമേഖലയിൽ കാണുന്ന മുട്ടിപ്പഴം വീട്ടിൽ വിളയിച്ച് ആവോലി പനേലിൽ പി.ജെ.മാത്യു. മണ്ണിന് തൊട്ടുമുകളിൽ മുതൽ മരത്തിന്റെ ശിഖിരങ്ങൾ മുഴുവൻ പഴങ്ങൾ ഉണ്ടാകുമെന്നതിനാലാണ് ഇതിന് മൂട്ടിപ്പഴം എന്ന നിലയിൽ പേരു വന്നത്.
മൂട്ടിപ്പുളി, കാട്ടുനെല്ലി എന്നൊക്കെ പ്രാദേശികമായി പല പേരുകളിൽ അറിയപ്പെടുന്ന ഈ പഴത്തിന് പുളിയും മധുരവും ചവർപ്പും കൂടിയ രുചിയാണ്. അധികം കട്ടിയില്ലാത്ത പുറം തോട് നീക്കം ചെയ്ത് ഉള്ളിലെ മാംസള ഭാഗമാണ് കഴിക്കേണ്ടത്. രണ്ടോ മൂന്നോ കായകളുടെ ആവരണമായാണ് ഭക്ഷ്യയോഗ്യമായ മാംസള ഭാഗമുള്ളത്. വൈറ്റമിൻ സി യുടെ കലവറയായ ഇവ ശരീരോഷ്മാവ് കുറയ്ക്കും, ദഹനം ത്വരിതപ്പെടുത്തും, രക്ത ശുദ്ധീകരണം നടത്തും.
ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് പഴക്കാലം. മരത്തിന്റെ ശിഖരങ്ങളിൽ കുലയായി നീളത്തിൽ കാപ്പിപ്പൊടി തവിട്ടു നിറത്തിൽ പൂവ് വളരുന്നു. പഴമാകുമ്പോൾ നെല്ലിക്ക വലിപ്പത്തിൽ തവിട്ടു കലർന്ന ചുവപ്പു നിറമായി മാറും. പരമ്പരാഗത കർഷകനായ പനേലിൽ മാത്യുവിന്റെ കൃഷിയിടത്തിൽ പ്രത്യേക പരിപാലനമൊന്നുമില്ലാതെ തണൽമരമായി ഇവ വളർന്നിരുന്നു.
ഏതാനും വർഷങ്ങൾക്കു മുമ്പ് ആൺ മരം കൂടി സമീപത്ത് നട്ടുവളർത്തിയതോടെയാണ് ഉള്ളിൽ പഴം രൂപപ്പെട്ടത്. അതിനു മുമ്പ് കുലയായി കാണുമെങ്കിലും പഴരഹിതമായിരുന്നെന്ന് മാത്യു പറഞ്ഞു.മരത്തിന്റെ വളർച്ചയ്ക്കനുസരിച്ച് ഏറ്റവും മുകളിൽ വരെ പഴങ്ങൾ ഉണ്ടായിട്ടുണ്ട്.
പഴമായുള്ള ഉപയോഗത്തിനൊപ്പം ഇവയുടെ പുറം തോടുൾപ്പെടെ അച്ചാറിനും ഉപയോഗപ്പെടുത്താറുണ്ട്.വൈൻ, ജ്യൂസ് പോലുള്ള ഉപയോഗവുമുണ്ട്.
കാട്ടുമൃഗങ്ങൾക്ക് പ്രത്യേകിച്ച് കരടി, മാൻ, കുരങ്ങ് തുടങ്ങിയവയ്ക്ക് ഏറെ ഇഷ്ടമാണ് മൂട്ടിപ്പഴം. കട്ടിയില്ലാത്തതിനാൽ പുറം തോടുൾപ്പെടെയാണ് മൃഗങ്ങൾ ആഹാരമാക്കുന്നത്. പഴങ്ങൾ പാകമായാൽ അത് തീരും വരെ മൃഗങ്ങൾ ഇത്തരം മരങ്ങളുടെ ചുറ്റുവട്ടത്തു തന്നെ കാണപ്പെടാറുണ്ട്. അത്രയേറെ രുചികരവും പോഷക പ്രദാനവുമാണ് മൂട്ടിപ്പഴം. മരം നിറയെ ചുവന്ന ബൾബു പോലെ തെളിഞ്ഞു നിൽക്കുന്ന മൂട്ടിലെ പഴം കാണാൻ ഏറെ കൗതുകമായതിനാൽ മാത്യുവിന്റെ കൃഷിയിടത്തിലേക്ക് സന്ദർശകരും ഏറെയുണ്ട്.
Tags : Nattuvishesham DistrictNews DeepikaNews Mootippazham