കുട്ടനാട്ടിലെ ആദ്യകാല റോഡുകളിൽ ഒന്നായ ജി മംഗലം - കൊച്ചുകാഞ്ഞിരക്കരി പുറത്തേ ഇരുപത് കിടങ്ങറ റോഡിൻരെ രണ്ടാം ഘട്ട നിർമ്മാണം ഉടൻ പൂർത്തികരിക്കുവാൻ നടപടി
രാമങ്കരി: കുട്ടനാട്ടിലെ ആദ്യകാല റോഡുകളിൽ ഒന്നായ ജി മംഗലം - കൊച്ചുകാഞ്ഞിരക്കരി പുറത്തേ ഇരുപത് കിടങ്ങറ റോഡിന്റെ രണ്ടാം ഘട്ട നിർമാണം ഉടൻ പൂർത്തികരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റെജി ചെറിയാൻ എംഎൽഎയ്ക്ക് മിത്രക്കരി വികസനസമിതിയുടെ നേതൃത്വത്തിൽ നിവേദനം നല്കി. പുറത്തേ ഇരുപത് വരെയുള്ള റോഡിന്റെ ആദ്യ റീച്ച് നേരത്തേ പൂർത്തികരിച്ചിരുന്നു. തുടർന്ന് രാമങ്കരി പടവ്, ഇന്ദ്രങ്കരി കാച്ചാണിക്കരി പാടശേഖരങ്ങളുടെ പടിഞ്ഞാറ് ഭാഗത്തുകൂടി കടന്നുപോകുന്ന രണ്ടാംഘട്ട നിർമാണത്തിന് പിഡബ്ല്യുഡി നേതൃത്വത്തിൽ കല്ല് ഇട്ടെങ്കിലും തുടർ നടപടി ഉണ്ടായില്ല. രണ്ട് കിലോമീറ്റർ വരുന്ന രണ്ടാംഘട്ട നിർമാണംകൂടി പൂർത്തീകരിച്ചാൽ കിഴക്കേ മിത്രക്കരി നിവാസികൾക്ക് എസി റോഡിൽ എത്താൻ എളുപ്പം സാധിക്കും.
ആരംഭത്തിൽ ഈ റോഡിന്റെ നിർമാണത്തിന് നേതൃത്വം നല്കിയ പലരും മൺമറഞ്ഞുകഴിഞ്ഞു. കൂടാതെ യാത്രാസൗകര്യമില്ലാത്തതിന്റെ പേരിൽ പലരും ഇവിടെ നിന്ന് വീട് ഉപേക്ഷിക്കുക പോലുമുണ്ടായി.
റോഡിന്റെ നിർമാണം പൂർത്തീകരിച്ചാൽ വീട് ഉപേക്ഷിച്ചുപോയവരിൽ പലരും തിരിച്ചുവരാൻ പോലും സന്നദ്ധരാണന്നും പറയുന്നു. മിത്രക്കരി വികസന സമിതി ചെയർമാൻ ബോബൻ ചൂരക്കുറ്റി, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗംവും വികസന സമിതി രക്ഷാധികാരിയുമായ ലിബിമോൾ വർഗീസ്, സുനിൽ മീനത്തേകോണിൽ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്കിയത്.
Tags : Nattuvishesham DistrictNews