വെറ്റിലക്കൊടി പരിപാലിക്കുന്ന തങ്കൻ.
കുറ്റിച്ചൽ: മണ്ണിനോടുള്ള സ് നേഹത്തിന് പ്രായം തടസ്സമല്ല. നടക്കാൻ പ്രയാസമുണ്ടെങ്കിലും 75-ാം വയസിലും കൃഷിയോടുള്ള ബന്ധം കൈവിടാതെ കഴിയുകയാണ് തങ്കൻ.
മലയോര മേഖലയിൽ വെറ്റിലക്കൃഷി അന്യംനിന്നുകൊണ്ടിരിക്കുമ്പോൾ, സ്വന്തം വീട്ടിലെ വെറ്റിലക്കൊടിക്കൃഷി പരിപാലിച്ച് കൃഷിയോർമകൾക്ക് ജീവൻ പകരുകയാണ് ഈ വയോധിക കർഷകൻ. വാലുകോണം മംഗറകോണം കിഴക്കുംകര വീട്ടിൽ തങ്കന്റെ ജീവിതം പഴയ കാർഷിക കാലത്തിന്റെ ഓർമകൂടിയാണ്.
വാലുകോണം മുതൽ കുളപ്പട വരെയുള്ള പ്രദേശങ്ങളിൽ നെൽപ്പാടങ്ങൾ നിറഞ്ഞുനിന്നിരുന്ന കാലം. കാലം മാറിയതോടെ നെൽപ്പാടങ്ങളി ൽ കൃഷിയില്ലാതായി. കൃഷിയെ ആശ്രയിച്ചിരുന്ന ജീവിതരീതിയും പതിയെ മാറി.
നെൽക്കൃഷിയുടെ തകർച്ചയ്ക്കൊപ്പം മലയോരയിൽ വെറ്റിലക്കൃഷിയും പ്രതിസന്ധിയിലാണ്. കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളിൽ തലമുറകളായി തുടർന്നുവന്ന കൃഷി ഇന്നു നിലനിൽപ്പിനായി പോരാടുകയാണ്. ഉൽപന്നവിലയിലെ ഇടിവും കൃഷിച്ചെലവിലെ വർധനയും കാലാവസ്ഥാ വ്യതിയാനവും കാട്ടുപന്നി ശല്യവുമാണ് കർഷകർക്ക് തിരിച്ചടിയാകുന്നത്.
പത്ത് സെന്റിൽ വെറ്റിലക്കൃഷി നടത്താൻ അരലക്ഷത്തിലധികം രൂപ ചെലവഴിക്കേണ്ടിവരുന്ന സാഹചര്യത്തിൽ കടം വാങ്ങിയും വായ്പയെടുത്തുമാണ് പലരും കൃഷി തുടരുന്നത്. കഴിഞ്ഞ വർഷം ഒരു കെട്ട് വെറ്റിലയ്ക്ക് ഇരുനൂറ് രൂപ വരെ ലഭിച്ചിരുന്നെങ്കിൽ ഇത്തവണ വില നൂറു മുതൽ 120 വരെയായി കുറഞ്ഞു. ഓണത്തിനുശേഷം വില 50 രൂപയിലേക്ക് താഴ്ന്നതോടെ കർഷകരുടെ പ്രതീക്ഷകൾക്കും മങ്ങലേറ്റു. ഉൽപാദനച്ചെലവ് വർധിക്കുമ്പോഴും വരുമാനം കുറയുന്നത് കർഷകരെ കടുത്ത സാമ്പത്തിക ബാധ്യതയിലേക്കാണ് തള്ളിവിടുന്നത്.
കാലാവസ്ഥാവ്യതിയാനവും വലിയ ഭീഷണിയാണ്. ഇടവിട്ടുള്ള കനത്ത മഴയിൽ കൃഷി നശിക്കുമ്പോൾ വേനൽക്കാലത്ത് ചെടികളുടെ വളർച്ച മുരടിക്കുന്നു. വെറ്റിലയുടെ വലിപ്പവും ഗുണനിലവാരവും കുറയുന്നതോടെ വിപണനവും പ്രതിസന്ധിയിലാകുന്നു. ഇതിനുപുറമേ കാട്ടുപന്നികൾ കൃഷിയിടങ്ങളിലെത്തി ചെടികൾ നശിപ്പിക്കുന്നതും കർഷകരുടെ നഷ്ടം വർധിപ്പിക്കുന്നു. തുടർച്ചയായ തിരിച്ചടികൾ കാരണം പരമ്പരാഗത കൃഷി ഉപേക്ഷിക്കേണ്ടിവരുന്നവരുടെ എണ്ണവും കൂടുന്നു.
എന്നാൽ പ്രായത്തിന്റെ അവശതകൾക്കിടയിലും കൃഷിയോടുള്ള ബന്ധം ഉപേക്ഷിക്കാൻ തങ്കനു മനസുവരുന്നില്ല. കൃഷി ഒരു വരുമാനമാർഗം മാത്രമല്ലെന്നും അതു ജീവിതത്തിന്റെ ഭാഗമാണെന്നും തങ്കന്റെ അനുഭവങ്ങൾ ഓർമിപ്പിക്കുന്നു. 68 കാരിയായ ഭാര്യ വസന്തയ്ക്കൊപ്പമാണ് തങ്കൻ ഇപ്പോൾ കഴിയുന്നത്. മൂന്നു മക്കളും സ്വന്തം കുടുംബങ്ങളുമായി മറ്റിടങ്ങളിൽ താമസിക്കുന്നു. പ്രായവും ശാരീരിക അവശതകളും ജീവിതത്തെ പരിമിതപ്പെടുത്തുമ്പോഴും മണ്ണിനോടുള്ള സ്നേഹം തങ്ക നിൽനിന്നു വിട്ടുപോയിട്ടില്ല.
കർഷകരെ സംരക്ഷിക്കാൻ പ്രത്യേക സഹായപദ്ധതികളും ന്യായവിലയും ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാണ്. കൃഷിനാശത്തിനു പരിഹാരം കാണുന്നതിനൊപ്പം ഉത്പാദനച്ചെലവിന് ആനുപാതികമായ വരുമാനം ഉറപ്പാക്കാനും ഇടപെടൽ ഉണ്ടാക ണമെന്നും ആവശ്യമുണ്ട്.
Tags :