ഗുരുതരമായി പരിക്കേറ്റ രജനി പ്രകാശൻ
പൂച്ചാക്കൽ: അയൽവാസികൾ തമ്മിലുള്ള ദീർഘകാല വൈരാഗ്യം അർധരാത്രിയിലെ വീടുകയറിയുള്ള ആക്രമണത്തിൽ കലാശിച്ചു. ആയുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചുകയറിയ സംഘത്തിന്റെ ആക്രമണത്തിൽ ഒരേകുടുംബത്തിലെ അഞ്ചുപേർക്കു പരിക്കേറ്റു.
ഗുരുതരമായി വെട്ടേറ്റ ഗൃഹനാഥയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരൂക്കുറ്റി പഞ്ചായത്ത് ഏഴാം വാർഡിലെ വടുതല കൈവെട്ടിച്ചിറ ഭാഗത്തെ വിഷ്ണുഭവനിൽ പ്രകാശൻ (60), ഭാര്യ രജനി പ്രകാശൻ (52), മകൻ വിഷ്ണു പ്രകാശൻ (29), വിഷ്ണുവിന്റെ ഭാര്യ അധിനാ വിഷ്ണു (23), ഇവരുടെ പിഞ്ചുകുഞ്ഞ് എന്നിവർക്കാണു പരിക്കേറ്റത്. തലയ്ക്കു ഗുരുതരമായി വെട്ടേറ്റ രജനി പ്രകാശന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
തിങ്കളാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം അരങ്ങേറിയത്. പ്രദേശത്ത് ഏറെനാളായി നിലനിന്നിരുന്ന അയൽവാസികളുടെ തർക്കമാണ് ഒടുവിൽ രക്തച്ചൊരിച്ചിലിൽ കലാശിച്ചത്. വിഷ്ണു പ്രകാശന്റെ വീട്ടിലേക്ക് സുഹൃത്തുക്കൾ നിരന്തരം എത്തുന്നതുമായി ബന്ധപ്പെട്ട് അയൽവാസിയും ബന്ധുവുമായ സുരേഷും അദ്ദേഹത്തിന്റെ മൂന്നു മക്കളും വിഷ്ണുവും തമ്മിൽ മുൻപും തർക്കങ്ങളും സംഘർഷങ്ങളും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഈ വിഷയത്തിൽ പൂച്ചാക്കൽ പോലീസ് സ്റ്റേഷനിൽ നേരത്തെ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
ഞായറാഴ്ച രാത്രി യാത്ര കഴിഞ്ഞ് സുരേഷിന്റെ മക്കൾ വീട്ടിലെത്തിയതിനു പിന്നാലെ സംഘം പ്രകാശന്റെ വീട്ടിൽ അതിക്രമിച്ചുകയറി ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പരാതി.
വീടിനുള്ളിൽനിന്നുയർന്ന ബഹളവും കരച്ചിലും കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പൂച്ചാക്കൽ പോലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. സംഘർഷത്തിനിടയിൽ എതിർവിഭാഗത്തിലെ സുരേഷിനും മകൻ സുജിത്തിനും പരിക്കേറ്റതിനെ തുടർന്ന് ഇരുവരും ചികിത്സ തേടിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾക്കെതിരെയും പോലീസ് വീണ്ടും കേസെടുത്തിട്ടുണ്ട്. പൂച്ചാക്കൽ പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കേസിന്റെ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Tags : Nattuvishesham DistrictNews DeepikaNews attack