മദര്‍ ആൻഡ് ചൈല്‍ഡ് ഫൗണ്ടേഷനില്‍ സന്ദര്‍ശനം നടത്തിയ മന്ത്രി കെ.എ. തുളസി
തൊടുപുഴ: മൈലക്കൊമ്പ് മദര്‍ ആന്‍ഡ് ചൈല്‍ഡ് ഫൗണ്ടേഷനില്‍ മന്ത്രി കെ.എ. തുളസി സന്ദര്‍ശനം നടത്തി. സ്ഥാപനത്തിലെ കുട്ടികളുടെ ക്ഷേമവും ആരോഗ്യനിലവാരവും മന്ത്രി വിലയിരുത്തി. വള്ളക്കടവ് ഫോറസ്റ്റ് ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട മാതാപിതാക്കളുടെ സംരക്ഷണം നഷ്ടപ്പെട്ട നാലര വയസുകാരന് ആദിദേവ് ഇപ്പോള്‍ മദര്‍ ആന്‍ഡ് ചൈല്‍ഡ് ഫൗണ്ടേഷന്റെ സംരക്ഷണയിലാണ്. കുട്ടിയുടെ ദീര്‍ഘകാല സംരക്ഷണവും വളര്‍ച്ചയും മുന്‍നിര്‍ത്തിയാണ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ഇടപെടലിലൂടെ ഈ സ്ഥാപനത്തില്‍ പ്രവേശിപ്പിച്ചത്.
നേരത്തേ പോഷകാഹാരക്കുറവ് കണ്ടെത്തിയതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ ഒരു മാസത്തെ ചികിത്സ നല്‍കുകയും അങ്കണവാടിവഴി പോഷകാഹാരം ലഭ്യമാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ആരോഗ്യനിലയില്‍ പുരോഗതി രേഖപ്പെടുത്തിയ ശേഷമാണ് കുട്ടിയെ സംരക്ഷിത തണലിലേക്ക് മാറ്റിയത്. സ്ഥാപന സെക്രട്ടറി ജോഷി മാത്യു, ബിന്‍സി ജോഷി, സോഷ്യല്‍ വര്‍ക്കര്‍മാര്‍, മറ്റു ജീവനക്കാര്‍ എന്നിവരുമായി മന്ത്രി ചര്‍ച്ച നടത്തി.
അതിപിന്നാക്ക ഗോത്രവിഭാഗമായ മലമ്പണ്ടാര സമുദായത്തിന് സ്പെഷല്‍ പാക്കേജ് വഴി പുനരധിവാസം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്ക്ക് സര്‍ക്കാര്‍ പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വള്ളക്കടവില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് വിദ്യാവാഹിനി വാഹനസൗകര്യം ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ പിന്തുണയും കുടുംബങ്ങള്‍ക്ക് പ്രതിമാസ ഭക്ഷണക്കിറ്റും ചികിത്സാ സഹായങ്ങളും ലഭ്യമാക്കുമെന്നും അവര്‍ പറഞ്ഞു.
Tags : Nattuvishesham DistrictNews DeepikaNews Minister Thulasi