പത്തനംതിട്ട: ജില്ലയില്‍ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ആര്‍ടിഒ സി. ശ്യാം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ വാഹന പരിശോധനയില്‍ അമിത ഭാരം കയറ്റിയ 10 ചരക്ക് വാഹനങ്ങള്‍ക്കെതിരേ 2,48,250 രൂപ പിഴചുമത്തി.
പെര്‍മിറ്റ്, ഫിറ്റ്നസ്, ടാക്സ്, ഇന്‍ഷ്വറന്‍സ്, പുക, ഡ്രൈവിംഗ് ലൈസന്‍സ്, സ്പീഡ് ഗവേണര്‍, ജിപിഎസ് എന്നിവയില്ലാതെ സര്‍വീസ് നടത്തിയ 30 വാഹനങ്ങള്‍ക്കെതിരേ 90,000 രൂപയും സമയക്രമം പാലിക്കാതെ സര്‍വീസ് നടത്തിയ മൂന്ന് ടിപ്പര്‍ വാഹനങ്ങള്‍ക്കെതിരേ 3,000 രൂപയും പിഴ ചുമത്തി. പരിശോധനകള്‍ തുടരുമെന്നും നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആര്‍ടിഒ അറിയിച്ചു.
ടിപ്പര്‍ ലോറികള്‍ക്ക് രാവിലെ 8.30 മുതല്‍ 10 വരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ 4.30 വരെയും കര്‍ശന സര്‍വീസ് വിലക്ക് ഉണ്ടാകും. ഈ സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ റോഡിലിറക്കരുത്. മണല്‍, മണ്ണ്, മെറ്റല്‍ തുടങ്ങിയ നിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ (പൊടി പറക്കാതെയോ താഴേക്ക് വീഴാതെയോ) നിര്‍ബന്ധമായും പൂര്‍ണമായി മൂടിക്കെട്ടി മാത്രമേ സര്‍വീസ് നടത്താവൂവെന്നും ആർടിഒ നിർദേശിച്ചു.
ടിപ്പര്‍ ലോറി ജീവനക്കാര്‍ ജോലി സമയത്ത് കൃത്യമായി നിശ്ചിത യൂണിഫോം ധരിക്കണം. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരേയും ജീവനക്കാര്‍ക്കെതിരേയും കര്‍ശന ശിക്ഷാനടപടി സ്വീകരിക്കും.
നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുന്നതിനും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതിനും പുറമേ കനത്ത പിഴയും നിയമനടപടികളും നേരിടേണ്ടിവരുമെന്നും ആർടിഒ അറിയിച്ചു.