സ്കൂൾ കെട്ടിടത്തിന് മീതെ ഉയർന്നുനിൽക്കുന്ന മൺകൂന.
വൈക്കം: സ്കൂളിലെ കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട് സ്കൂൾ കെട്ടിടത്തിന് സമീപം കെട്ടിടത്തിന് മീതെ എത്തുന്ന ഉയരത്തിൽ മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് അപകടഭീഷണി ഉയർത്തുന്നു. വെച്ചൂർ ദേവിവിലാസം ഗവൺമെന്റ് സ്കൂളിലാണ് സ്കൂൾ കെട്ടിടത്തിന് മീതെ എത്തുന്ന വിധത്തിൽ വിദ്യാർഥികൾ ഇരിക്കുന്നതിന് സമീപം മണ്ണ് കൂനകൂട്ടിയിട്ടിരിക്കുന്നത്. മഴയിൽ കല്ലും മണ്ണും കെട്ടിടത്തിലേക്ക് കുത്തിയൊലിച്ച് വീഴുന്ന സ്ഥിതിയാണ്. ഉരുൾപൊട്ടലിന് സമാനമായ അപകടസാധ്യതയാണ് ഇവിടെയുള്ളത്.
സ്കൂളിലെ എൽപി, യുപി ക്ലാസുകൾക്ക് സമീപമാണ് വലിയ ഉയരത്തിലുള്ള ഈ മൺകൂനകൾ. സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ടാണ് മണ്ണ് കൂനകൂട്ടിയത്. നിർമാണപ്രവർത്തനങ്ങൾ മുടങ്ങിയതിനാൽ കനത്ത മഴ പെയ്യുമ്പോൾ 400 ഓളം കുട്ടികൾ ഭീതിയിലാണ് ക്ലാസിലിരിക്കുന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നുകോടി 90 ലക്ഷം രൂപ മുടക്കി ഹയർ സെക്കൻഡറി വിഭാഗത്തിനായുള്ള ഇരുനിലക്കെട്ടിടത്തിന്റെ നിർമാണമാണ് ഇവിടെ മുടങ്ങിക്കിടക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കരാറുകാരൻ പണിക്കാരുമായെത്തി പണി തുടങ്ങിയിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും പണി നിർത്തി മടങ്ങി. കരാറുകാരന്റെ ജോലിക്കാർ സ്കൂളിൽ താമസിച്ചതോടെ ക്ലാസ് മുറികളും കുട്ടികളുടെ ശുചിമുറികളും അടക്കം വൃത്തിഹീനവും ഉപയോഗശൂന്യമായി. ശുചിമുറികളുടെ ടാങ്കുകൾ നിറഞ്ഞൊഴുകിയതിനെത്തുടർന്ന് കുഞ്ഞുകുട്ടികൾ ദുർഗന്ധം പരക്കുന്ന സാഹചര്യത്തിലാണ് പഠിക്കുന്നത്. വിദ്യാഭ്യാസവകുപ്പും ജനപ്രതിനിധികളും ആവശ്യപ്പെട്ടിട്ടും അപകടഭീഷണി ഉയർത്തുന്ന മൺകൂന നീക്കാൻ കരാറുകാരൻ നടപടി സ്വീകരിച്ചില്ല. ഇക്കാര്യം ചോദ്യം ചെയ്ത മുൻ ഹെഡ്മാസ്റ്ററെ കരാറുകാരൻ ഭീഷണിപ്പെടുത്തിയതായി പിടിഎ ഭാരവാഹികൾ ആരോപിച്ചു.
അശാസ്ത്രീയമായ നിർമാണംമൂലം സമീപത്തെ ഒരു സ്കൂൾ കെട്ടിടത്തിന്റെ അടിത്തറ തകർന്ന് സ്കൂൾ കെട്ടിടം ഉപയോഗശൂന്യമായി. ഇതിനിടെയാണ് കാറ്റും വെളിച്ചവും കയറാത്ത രീതിയിൽ മൺകൂനകൾ ക്ലാസ് മുറികൾക്ക് സമീപം കൂട്ടിയിരിക്കുന്നത്. സ്കൂൾ മുറികളോട് ചേർന്ന് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ നെറ്റ് വലിച്ചു കെട്ടിയാണ് മറച്ചിരിക്കുന്നത്. ഈ നെറ്റ് തകർത്താണ് മൺകൂനയിൽനിന്ന് കല്ലും മണ്ണും ക്ലാസ് മുറികളിലേക്കു കുത്തിയൊലിക്കുന്നത്. നിലവിൽ ഒരു മഴ കഴിഞ്ഞാൽ മണ്ണും കല്ലും നീക്കംചെയ്ത ശേഷമാണ് കുട്ടികളെ പഠിപ്പിക്കുന്നത്.
വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : Nattuvishesham DistrictNews DeepikaNews