ചാലക്കുടി: വർഷങ്ങളായി നഗരസഭയുടെ ശോചനീയമായ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഫയർ സ്റ്റേഷന് പുതിയകെട്ടിടം നിർമിക്കുന്നതിന് അനുയോജ്യമായ സ്ഥലം അനുവദിക്കാൻ കൗൺസിൽ തീരുമാനിച്ചു.
ടൗണിന് സമീപം റവന്യൂവകുപ്പിന്റെ സ്ഥലം ലഭ്യമാക്കാൻ കഴിയുമോ എന്ന് പരിശോധിക്കാനും ഇതിന് സാധ്യത ഉണ്ടെങ്കിൽ സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെടും.
യോജിച്ച സ്ഥലം കണ്ടെത്താനായില്ലെങ്കിൽ, നഗരസഭയുടെ ഇൻഡോർ സ്റ്റേഡിയത്തിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥലം അനുവദിക്കാനും ഇവിടേക്ക് പ്രത്യേകമായി വഴി ഒരുക്കാനും സ്റ്റിയറിംഗ് കമ്മിറ്റിയുടെ ശിപാർശ പ്രകാരം കൗൺസിൽ തീരുമാനിച്ചു.
പതിറ്റാണ്ടുകളായി ശോചനീയമായ കെട്ടിടത്തിൽ പരിമിതമായ സൗകര്യങ്ങളോടെയാണ് ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്നതെന്നും 40ഓളം ജീവനക്കാരുള്ള ഇവിടെ അവർക്കും വകുപ്പിന്റെ വാഹനങ്ങൾക്കും ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്നും ചെയർപേഴ്സൻ കൗൺസിലിൽ പറഞ്ഞു. ഇക്കാര്യത്തിൽ അടിയന്തരമായി തുടർനടപടികൾ സ്വീകരിക്കാനും, റവന്യൂ വകുപ്പുമായി കൂടി ആലോചന നടത്താനും കൗൺസിൽ തീരുമാനിച്ചു.
നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഓരോ വാർഡുകളിലും റോഡ് പുനരുദ്ധാരണ, നിർമാണ പ്രവർത്തികൾ ചെയ്യുന്നതിന് 10 ലക്ഷം രൂപ വീതം അനുവദിക്കാനും അടിയന്തരമായി എസ്റ്റിമേറ്റുകൾ തയാറാക്കാനും തീരുമാനിച്ചു.
വ്യക്തിഗത ആൻകൂല്യങ്ങൾക്കുള്ള അപേക്ഷകൾ ഒാഗസ്റ്റ് പത്തു വരെ ഓൺലൈനായി സ്വീകരിക്കാനും ഓണത്തിനുമുൻപ് വാർഡ്സഭകൾ പൂർത്തിയാക്കാനും തീരുമാനിച്ചു.തെരുവ് നായ്ക്കളുടെ ശല്യം ഒഴിവാക്കുന്നതിന് മിനി ഷെൽട്ടറുകൾ സ്ഥാപിക്കുന്ന വിഷയം കൗൺസിൽ ചർച്ച ചെയ്തു. അനുശോച്യമായ സ്ഥലങ്ങളിൽ ഇതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കും.നിലവിൽ സ്വകാര്യ സ്ഥപനങ്ങളുടെ ഷെൽട്ടറുകളിലേക്ക് നായ്ക്കളെ മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.
വാർഡ് ഏഴിലെ കൾച്ചറൽ സെന്റർ നിർമാണത്തിന് 25 ലക്ഷം രൂപ ബെന്നി ബെഹനാൻ എം പി അനുവദിച്ച സാഹചര്യത്തിൽ അധികമായി വരുന്ന ഒമ്പത് ലക്ഷം രൂപ നഗരസഭ പദ്ധതിയിൽനിന്ന് അനുവദിക്കാനും കെട്ടിട നിർമാണത്തിനുള്ള സ്ഥലലഭ്യത ഉറപ്പുവരുത്താനും കൗൺസിൽ തീരുമാനിച്ചു.
ഗവ. താലൂക്ക് ആശുപത്രിയുടെ മാനേജ്മെന്റ് കമ്മിറ്റി നഗരസഭ ചെയർപേഴ്സൻ അധ്യക്ഷയായി പുനഃസംഘടിപ്പിക്കാനും നഗരസഭ തല ജൈവ വൈവിദ്യ പരിപാലന സമിതി പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചു.
ചെയർപേഴ്സൺ ആലിസ് ഷിബു അധ്യക്ഷത വഹിച്ചു.