സനൽകുമാർ
പയ്യന്നൂര്‍: വീട്ടില്‍ അതിക്രമിച്ച് കയറി ഭാര്യയെയും ഭാര്യാമാതാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താനുള്ള ശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. കൊഴുമ്മല്‍ വരീക്കരയിലെ ഓട്ടോ ഡ്രൈവര്‍ സി.വി. സനല്‍കുമാറാണ് (46) മരിച്ചത്.
ഞായറാഴ്ച രാത്രി പത്തോടെ കൂക്കാനം മുത്തപ്പന് ക്ഷേത്രത്തിന് സമീപത്തെ വി.വി. പ്രഭാകരന്റെ വീട്ടിലായിരുന്നു സംഭവം. ഓട്ടോറിക്ഷയിലെത്തിയ സനല്‍ വീടിനകത്തു കയറി കൈയില്‍ കരുതിയിരുന്ന പെട്രോൾ ഭാര്യ പ്രജിഷ (37)യുടെയും അമ്മ പത്മിനി (56)യുടെയും ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ പൊലിസാണ് തൊട്ടടുത്തപറമ്പില്‍ പൊള്ളലേറ്റ് കിടക്കുകയായിരുന്നു സനലിനെ പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതര പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഇയാളെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാവിലെയായിരുന്നു മരണം.
സംഭവത്തിൽ ഭാര്യാപിതാവ് വി.വി. പ്രഭാകരന് നല്കിയ പരാതിയില്‍ സനലിനെതിരെ പയ്യന്നൂര്‍ പൊലിസ് കേസെടുത്തിരുന്നു. സനലുമായി അകന്നുകഴിയുകയായിരുന്ന ഭാര്യ പ്രജിഷ വിവാഹമോചനമാവശ്യപ്പെട്ട് കേസ് കൊടുത്തതിന്റെ വിരോധമാണ് കൊലപാതകശ്രമത്തിന് കാരണമെന്നാണ് പരാതിയിലുള്ളത്.
സനൽകുമാറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മലാപ് സമുദായ ശ്മശാനത്തില്‍ സംസ്കരിച്ചു. മക്കള്‍: ഘനശ്യാം, നിദാസ. സഹോദരങ്ങള്‍: അനില്‍കുമാര്‍, സുനില്‍കുമാര്‍.
Tags : Local News Nattuvishesham Murder attempt Prathi dies