കതിര് കാർഷിക ക്ലബ് മാത്തൂർ വെസ്റ്റ് എഎൽപിഎസിൽ പഞ്ചായത്ത് പ്രസിഡന്റ് പി.വി. അബ്ദുൾ ഖാദർ നിലമൊരുക്കൽ ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: സ്കൂൾ വിദ്യാർഥികളിൽ കാർഷികാവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘കതിര്’ കാർഷിക ക്ലബ് പദ്ധതിയുടെ പ്രാരംഭ നടപടികൾക്ക് ജില്ലയിലെ വിവിധ സ്കൂളുകളിൽ തുടക്കമായി. ഭക്ഷ്യദിനത്തോടനുബന്ധിച്ച് പയ്യനെടം എയുപി സ്കൂൾ, മാത്തൂർ വെസ്റ്റ് എഎൽപി സ്കൂൾ, ഷൊർണൂർ കെവിആർഎച്ച്എസ്, മലന്പുഴ ആശ്രമം ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചത്.
കാർഷിക വികസനകർഷകക്ഷേമ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി രൂപീകരിക്കുന്ന വിദ്യാർഥി കാർഷിക ക്ലബാണ് കതിര് (കേരള അഗ്രികൾച്ചർ ടെക്നോളജി ഹെറിറ്റേജ് ആൻഡ് ഇന്നോവേഷൻ ഫോർ റൂറൽ അണ്ടർ സ്റ്റാൻഡിംഗ്).
സംസ്ഥാനത്തെ 500 വിദ്യാലയങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. ജില്ലയിൽ 25 സ്കൂളുകളിലും. കുറഞ്ഞത് 10 സെന്റ് സ്ഥലമെങ്കിലും ഉള്ള സ്കൂളുകളെയാണ്് പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഒരു ക്ലബിൽ 20 മുതൽ 25 വിദ്യാർഥികൾ അംഗങ്ങളാകും.
കാർഷിക സാങ്കേതിക വിദ്യ, പാരന്പര്യ കാർഷിക അറിവ്, നവീന ആശയങ്ങൾ, പരിസ്ഥിതി സംരക്ഷണം, ഗ്രാമീണ വികസനം എന്നിവയെ ഏകോപിപ്പിച്ച് വിദ്യാർഥികളെ ഭാവിയിലെ ഉത്തരവാദിത്വമുള്ള പൗരന്മാരാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ജൈവകൃഷി, പ്രകൃതി കൃഷി, സുസ്ഥിരകൃഷി എന്നിവ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുക, പുതുതലമുറയെ സാമൂഹിക വിപത്തുകളിൽനിന്നും സംരക്ഷിക്കുക, വ്യായാമശീലവും അധ്വാനശീലവും വളർത്തുക തുടങ്ങിയവയും പദ്ധതി ലക്ഷ്യമിടുന്നു.
മാത്തൂർ വെസ്റ്റ് എഎൽപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് പി .വി. അബ്ദുൾ ഖാദർ നിലമൊരുക്കൽ ഉദ്ഘാടനം ചെയ്തു. ഷൊർണൂർ കെവിആർഎച്ച്എസിൽ മുനിസിപ്പൽ ചെയർപേഴ്സണ് നിർമലയും പയ്യനെടം എയുപി സ്കൂളിൽ വാർഡ് മെംബർ മണികണ്ഠൻ മണ്റോട്ടിലും മലന്പുഴ ആശ്രമം ഹൈസ്കൂളിൽ അധ്യാപിക സുബിതയും പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
Tags : NattuVishesham.DistricteNews