മോട്ടോർ വാഹനവകുപ്പിന്റെ സഹകരണത്തോടെ എംഇഎസ് കല്ലടി കോളജിൽ സംഘടിപ്പിച്ച ‘സുരക്ഷിത് മാർഗ്’ ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം മന്ത്രി എൻ. ഷംസുദ്ദീൻ നിർ
മണ്ണാർക്കാട്: റോഡ് സുരക്ഷാ നിയമങ്ങൾ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന കാര്യം പരിഗണിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. മോട്ടോർ വാഹനവകുപ്പിന്റെ സഹകരണത്തോടെ എംഇഎസ് കല്ലടി കോളജിൽ സംഘടിപ്പിച്ച ‘സുരക്ഷിത് മാർഗ്’ ബോധവത്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള അവബോധം ചെറുപ്പത്തിലേ കുട്ടികളിൽ വളർത്തിയെടുക്കണം. റോഡിലെ ഉത്തരവാദിത്വബോധം ഒരു സംസ്കാരമായി വളർത്തണം. അപകടങ്ങൾ കുറയ്ക്കാൻ നിയമങ്ങൾ കർശനമാക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.
മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ സ്കൂളുകൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ‘സുരക്ഷിത് മാർഗ്’. സ്കൂളുകളിൽ റോഡ് സുരക്ഷാ പരിശീലനം നൽകുന്ന അധ്യാപകർക്കും ട്രെയിനർമാർക്കുമായാണ് എംഇഎസ് കോളജിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചത്. പരിപാടിയിൽ അരുണ് സോമശേഖരൻ അധ്യക്ഷനായി. പാലക്കാട് ആർടിഒ മുജീബ്, എൻഫോഴ്സ്മെന്റ് ആർടിഒ രഘു, എഇഒ സി. അബൂബക്കർ, ആദർശകുമാർ ജി. നായർ, അനൂപ് വർക്കി, രാധ തേവണ്ണൂർ, എംഇഎസ് കല്ലടി കോളജ് പ്രിൻസിപ്പൽ ഡോ.പി.എം. ജാസ്മിൻ, സുരക്ഷിത് മാർഗ് ജില്ലാ കോ-ഓർഡിനേറ്റർ കെ.സി. മണി എന്നിവർ പങ്കെടുത്തു.
Tags : NattuVishesham.DistricteNews