കുട്ടിക്കാനം: സാന്പത്തിക വളർച്ചയും പാരിസ്ഥിതിക സംരക്ഷണവും കോർത്തിണക്കുന്ന സുസ്ഥിര വാണിജ്യ മാതൃകകൾ ചർച്ച ചെയ്യുന്നതിനായി കുട്ടിക്കാനം മരിയൻ കോളജിൽ (ഓട്ടോണമസ്) സംഘടിപ്പിക്കുന്ന ദേശീയ കോണ്‍ഫറൻസിന് ഇന്ന് തുടക്കമാകും. സ്കൂൾ ഓഫ് കൊമേഴ്സ് ആൻഡ് പ്രൊഫഷണൽ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ ഐസിഎസ്എസ്ആർ സ്പോണ്സർ ചെയ്യുന്ന പരിപാടി രാവിലെ 9.30ന് ആരംഭിക്കും.
മരിയൻ കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. അജിമോൻ ജോർജ് സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. കൊമേഴ്സ് വിഭാഗം മേധാവി ഡോ. ആർ. രൂപ, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. എമിൽഡ കെ. ജോസഫ് എന്നിവരാണ് കോണ്‍ഫറൻസിന്റെ സംഘാടകസമിതിക്ക് നേതൃത്വം നൽകുന്നത്.
ഉദ്ഘാടന സമ്മേളനത്തിനുശേഷം നടക്കുന്ന സെഷനുകളിൽ പ്രമുഖ അക്കാദമിക-വ്യാവസായിക വിദഗ്ധർ സംസാരിക്കും. കൊച്ചി ഇവൈ ഗ്ലോബൽ ഡെലിവറി സർവീസസിലെ ക്ലൈമറ്റ് ചേഞ്ച് ആൻഡ് സസ്റ്റൈനബിലിറ്റി സർവീസസ് സീനിയർ മാനേജർ ജോണി സി. പോൾ, ട്രിച്ചി സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം മേധാവി ഡോ. ജി. ജോണ്‍, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ദി തേർഡ് ഏജ് ഡയറക്ടർ ഡോ. ടോണി കെ. തോമസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
’ഹരിത വ്യാപാരവും സുസ്ഥിര വാണിജ്യവും’ എന്നതാണ് ഈ ദേശീയ കോണ്‍ഫറൻസിന്റെ പ്രധാന വിഷയം. സാന്പത്തിക വളർച്ചയ്ക്കൊപ്പം സാമൂഹികവും പാരിസ്ഥിതികവുമായ ഉത്തരവാദിത്വങ്ങൾ സമന്വയിപ്പിക്കുന്ന സുസ്ഥിര വാണിജ്യ മാതൃകകളും നൈതിക വ്യാപാരരീതികളും പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കൊമേഴ്സ്, മാനേജ്മെന്റ് മേഖലകളിലെ നൂതന പ്രവണതകളെക്കുറിച്ച് അധ്യാപകർ, ഗവേഷകർ, വ്യവസായ പ്രമുഖർ, വിദ്യാർഥികൾ എന്നിവരുടെ പ്രബന്ധ അവതരണങ്ങളും കോണ്‍ഫറൻസിന്റെ ഭാഗമായി നടക്കും. അറിവുകൾ പങ്കുവയ്ക്കുന്നതിനും മികച്ചതും സുസ്ഥിരവുമായ ഒരു സാന്പത്തിക വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ചർച്ചകൾക്കും ഈ വേദി അവസരമൊരുക്കും.
Tags : Marian College Kuttikkanam today nattuvishesham local news