കുമളി-മൂന്നാര്‍ സംസ്ഥാന പാതയിലെ മാലിന്യങ്ങള്‍ നെടുങ്കണ്ടം പഞ്ചായത്ത് അധികൃതര്‍ നീക്കം ചെയ്യുന്നു.
നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന പാതയോരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കുമളി-മൂന്നാര്‍ സംസ്ഥാന പാതയിലെ നെടുങ്കണ്ടം പഞ്ചായത്തിന്റെ അതിര്‍ത്തി തുടങ്ങുന്ന കൈലാസപ്പാറ വിലക്ക് മുതല്‍ കല്ലാര്‍ വരെയുള്ള ഭാഗങ്ങളാണ് ഇന്നലെ പഞ്ചായത്ത് അധികൃതരും ഹരിതകര്‍മസേനാംഗങ്ങളും ചേര്‍ന്ന് വൃത്തിയാക്കിയത്. മാലിന്യ നിര്‍മാര്‍ജനം ഇന്നു പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
റോഡിന്റെ ഇരുവശങ്ങളിലുമായി കുട്ടികളുടെ ഡയപ്പര്‍ മുതല്‍ പ്ലാസ്റ്റിക്ക് കുപ്പികള്‍വരെ വലിച്ചെറിഞ്ഞ നിലയിലാണ്. ചാക്കുകണക്കിന് അപ്ഹോള്‍സ്റ്ററി മാലിന്യവും മിഠായിക്കവറുകളുമെല്ലാമാണ് കുന്നുകൂടിക്കിടന്നിരുന്നത്.
മാലിന്യങ്ങളില്‍ അധികവും വിനോദസഞ്ചാരികളും മറ്റ് ദീര്‍ഘദൂര യാത്രക്കാരും റോഡിലേക്ക് വലിച്ചെറിയുന്നവയാണ്. പാതയോരത്തെ വ്യാപാരസ്ഥാപനങ്ങളില്‍ മതിയായ വേസ്റ്റ്ബിന്നുകള്‍ ഇല്ലാത്തതും മാലിന്യങ്ങള്‍ റോഡിലേക്ക് വരാന്‍ കാരണമാകുന്നുണ്ട്.
കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് പാതയോരത്തെ കാടുകള്‍ വെട്ടിനീക്കിയിരുന്നു. ഇതോടെയാണ് മാലിന്യക്കൂന്പാരം പുറത്തുവന്നത്. ഇതേത്തുടര്‍ന്നാണ് റോഡിന്റെ വശങ്ങള് വൃത്തിയാക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചത്. റോഡിലേക്ക് മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തിയാല്‍ കനത്ത പിഴ ഈടാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍, വൈസ് പ്രസിഡന്റ് ശ്യാമള വിശ്വനാഥന് എന്നിവര്‍ അറിയിച്ചു.
ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്ത് അംഗങ്ങളായ ജിജോ മരങ്ങാട്ട്, മോഹനന് മുല്ലയ്ക്കല്, മഞ്ജുമോള്‍ മാത്യു, മേഴ്സി സ്റ്റീഫന്‍, ഇന്ദു, ആരോഗ്യവകുപ്പ് ജീവനക്കാര്‍, ഹരിതകര്‍മസേനാംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നൽകി.