നെടുംകുന്ന് മലയിലേക്കുള്ള വഴിയുടെ പണികൾ നടക്കുന്നു.
അടൂർ: ഏറത്ത് പഞ്ചായത്തിലെ നെടുംകുന്ന് മല ടൂറിസം പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രകൃതിരമണീയമായ നെടുംകുന്ന് മല വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നത്. മലമുകളിലേക്ക് നടന്ന് എത്തുന്നതിനുള്ള നടപ്പാതയുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്.
നിലവില്‍ മൂന്ന് മീറ്റര്‍ വീതിയില്‍ 300 മീറ്റര്‍ ദൂരത്താണ് നടപ്പാത നിര്‍മിക്കുന്നത്. നടപ്പാതയുടെ വശങ്ങളില് കൈവരികളും ഇരിപ്പിടങ്ങളും സ്ഥാപിച്ചിട്ടുണ്ട്. മലമുകളിലെ ഏറ്റവും ഉയര്‍ന്ന ഭാഗത്ത് 13 ഇരിപ്പിടങ്ങളും താഴെനിന്ന് മുകള്ഭാഗം വരെയുള്ള പാതയുടെ വശങ്ങളിലും ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. കാഴ്ചപരിമിതിയുള്ളവര്‍ക്കായി നടപ്പാതയില്‍ പ്രത്യേക തറയോടുകളും സ്ഥാപിച്ചിട്ടുണ്ട്.
ശൗചാലയം, മാലിന്യസംസ്കരണ സംവിധാനം, കുട്ടികളുടെ പാര്‍ക്ക് എന്നിവ കൂടി പൂര്‍ത്തിയാകുന്നതോടെ ആദ്യഘട്ടത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും. ആദ്യഘട്ടത്തില്‍ 50 ലക്ഷം രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡിന്റെ സിവില്‍ എന്‍ജിനിയറിംഗ് വിഭാഗത്തിനാണ് നിര്‍വഹണച്ചുമതല.
രണ്ടാംഘട്ടത്തില്‍ മലമുകളില്‍ 12 മീറ്റര്‍ ഉയരമുള്ള രണ്ട് വാച്ച് ടവറുകൾ, കുട്ടികള്‍ക്കായുള്ള അഡ്വഞ്ചറസ് അമ്യൂസ്മെന്റ് പാര്‍ക്ക്, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റർ, സ്നാക്സ് ബാര്‍, ലാന്‍ഡ്സ്കേപ്പിംഗ്, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ എന്നിവ ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. പാണ്ഡവരുടെ വനവാസവുമായി ബന്ധപ്പെട്ട ശില്പചിത്രീകരണങ്ങളും രണ്ടാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്.
ഓര്‍മകളില്‍ നിറഞ്ഞുനില്ക്കുന്ന നെടുംകുന്ന് മല സമുദ്രനിരപ്പില്‍നിന്ന് 1600 അടി ഉയരത്തിലുള്ളതാണ്. പ്രകൃതിസൗന്ദര്യം നിറഞ്ഞ മലമുകളില്‍നിന്ന് ഉദയവും അസ്തമയവും ഒരേപോലെ ആസ്വദിക്കാം. നേരത്തേ ശാസ്താംകോട്ട കായലിന്റെ ഒരു ഭാഗവും ഇവിടെനിന്ന് കാണാമായിരുന്നു. റബര്‍ മരങ്ങള്‍ വളര്‍ന്നതോടെ വിശാലമായ കാഴ്ചകള്‍ക്ക് തടസങ്ങളുണ്ടാകുന്നുണ്ട്.
അയല്‍ഗ്രാമങ്ങളിലെ ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ചുള്ള വെടിക്കെട്ട് കാണാനും തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായി മുദ്രാവാക്യങ്ങള്‍ മുഴക്കാനും നാട്ടുകാര്‍ രാത്രികാലങ്ങളില്‍ നെടുംകുന്ന് മലയുടെ നെറുകയിലെത്തിയിരുന്നു. മലമുകളില്‍നിന്ന് മുള്ളിപ്പഴവും തെറ്റിപ്പഴവും പറിച്ചുതിന്നും കുന്നിന് ചരിവുകളിലൂടെ ചുറ്റിനടന്നും കഴിഞ്ഞ ബാല്യകാത്തിന്റെ ഓര്‍മകളും മുതിര്‍ന്നവരുടെ മനസില്‍ ഇപ്പോഴും ഉണ്ട്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഈ പഴയ ഓര്‍മകള്‍ക്ക് ആധുനികതയുടെ വിനോദസഞ്ചാര മുഖം കൂടി കൈവരും.