പ്രതീകാത്മക ചിത്രം
ആലപ്പുഴ: ഓണം വിപണിയിൽ ഒഴിച്ചുകൂടാനാവാത്ത വിഭവങ്ങൾ നിർമിക്കാൻ നേന്ത്രപ്പഴം ആവശ്യമാണ്. ഓണച്ചന്തകൾ സജീവമാകുന്നതിനു മുൻപുതന്നെ സംസ്ഥാനത്തെ വിപണിയിൽ നേന്ത്രപ്പഴ വില കുതിച്ചുയരുകയാണ്. പഴുപ്പിക്കാൻ അനുയോജ്യമായ ഗുണമേന്മയുള്ള നേന്ത്രക്കായയുടെ ലഭ്യത വിപണിയിൽ കുറഞ്ഞതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. കായക്ഷാമം രൂക്ഷമായതോടെ മൊത്തവിപണിയിൽ നേന്ത്രക്കായ കിലോയ്ക്ക് 50 രൂപയും ചില്ലറ വിപണിയിൽ 60 രൂപയുമായി ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ പത്ത് ദിവസത്തിനിടെ മാത്രം മൊത്തവിപണിയിൽ കിലോയ്ക്ക് 13 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ അപേക്ഷിച്ച് മേയ് മാസത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. കേരളത്തിലെ വിപണികളിലേക്ക് പ്രധാനമായും തമിഴ്നാട്ടിലെ സത്യമംഗലത്തു നിന്നാണ് നേന്ത്രക്കായ എത്തുന്നത്.
ഓണക്കാലം അടുത്തെത്തിനിൽക്കേ ചിപ്സ് നിർമാണ യൂണിറ്റുകളും വൻകിട വിപണികളും നേന്ത്രക്കായ്ക്കായി പരക്കം പായുകയാണ്. നേന്ത്രപ്പഴവില കുതിച്ചുയരുന്നത് സാധാരണക്കാരെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരിക്കുകയാണ്. നേന്ത്രപ്പഴം വരവ് കുറയുകയും ആവശ്യക്കാർ കൂടുകയും ചെയ്യുന്നതു വരും ദിവസങ്ങളിൽ വില ഇനിയും ഉയരാൻ കാരണമാകുമെന്ന് കച്ചവടക്കാർ പറയുന്നു.
Tags : banana prices