തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്ത് പുതിയ ഡാം നിര്‍മിക്കാന്‍ നിലപാടെടുത്ത സംസ്ഥാന സര്‍ക്കാരിന്റെയും മന്ത്രി മോന്‍സ് ജോസഫിന്റെയും തീരുമാനത്തെ മുല്ലപ്പെരിയാര്‍ ജനസംരക്ഷണ സമിതി സ്വാഗതം ചെയ്തു. 130 വര്‍ഷം പിന്നിടുന്ന അണക്കെട്ട് അപകടാവസ്ഥയിലാണെന്ന് ആറിലധികം വിദഗ്ധസമിതികള്‍ പഠനം നടത്തി റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്.
2012ന് ശേഷം യാതൊരുവിധ ബലക്ഷയ പരിശോധനകളും നടത്താന്‍ തമിഴ്നാട് അനുവദിച്ചിട്ടില്ല. കേന്ദ്ര ജലകമ്മീഷന് അംഗങ്ങള്‍ അണക്കെട്ടിന്റെ ബലക്ഷയം പരിശോധിക്കാന്‍ എത്തിയെങ്കിലും തമിഴ്നാട് ഉദ്യോഗസ്ഥരുടെ നിസഹകരണം മൂലം പരിശോധന നടത്താന്‍ കഴിയാതെ തിരികെപ്പോകേണ്ടി വന്നു. തമിഴ്നാടിന് അനുകൂലമായ സമീപനമാണ് മുന്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. അണക്കെട്ടിന് കുഴപ്പമില്ലെന്ന് മുന്‍ മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചത് തമിഴ്നാട് കോടതിയില്‍ അവര്‍ക്ക് അനുകൂലമായ വാദമുഖമാക്കി മാറ്റി.
ഉപസമിതി എന്ന പേരില്‍ കേരള പ്രിന്‍സിപ്പല്‍ സെക്രട്ടറി അശോക് കുമാര്‍ സിംഗ്, ഇന്റര്‍ സ്റ്റേറ്റ് ജലവകുപ്പ് ചീഫ് എന്‍ജിനിയര്‍ ആര്. പ്രിയേഷ് എന്നിവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അണക്കെട്ടിന് കാഴ്ചയില്‍ കുഴപ്പമില്ല എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതു ശരിയാണെങ്കില്‍ സംസ്ഥാന താത്പര്യത്തിനെതിരേ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഉദ്യോഗസ്ഥരേ പ്രോസിക്യൂട്ട് ചെയ്യണം.
ഡാമിന്റെ ബലക്ഷയം പരിശോധിക്കാന്‍ എത്തിയ കേന്ദ്ര ജലകമ്മീഷന് അംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ഡാമിന്റെ വിള്ളലുകള്‍ അടയ്ക്കാന്‍ നിര്‍മാണസാധനങ്ങള്‍ കേരളത്തില്‍കൂടി കൊണ്ടുപോകാന്‍ അനുവദിക്കരുതെന്ന കേരള ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം അവഗണിച്ച് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി വൈക്കത്ത് എത്തുന്നതിനു മുന്‍പ് അനുമതി നല്കിയതും സംസ്ഥാന താത്പര്യത്തിന് എതിരായ നടപടിയായിരുന്നു.
കേരളത്തിന്റെ താത്പര്യം സംരക്ഷിച്ച് അശാസ്ത്രീയമായ 999 വര്‍ഷത്തെ കരാര്‍ റദ്ദാക്കാനും പുതിയ ഡാം നിര്‍മിക്കാനും അന്താരാഷ്ട്ര ഡാം നിര്‍മാണ ഏജന്‍സിയെ പുതിയ ഡാമിന്റെ നിര്‍മാണപ്രവൃത്തികള്‍ ഏല്‍പ്പിക്കാനും സര്‍ക്കാര്‍ തയാറാകണമെന്നും സമിതി ആവശ്യപ്പെട്ടു.
പതിറ്റാണ്ടുകള്‍ക്കു ശേഷം സംസ്ഥാന താത്പര്യം മുന്‍നിര്‍ത്തി തീരുമാനമെടുത്ത മന്ത്രി മോന്‍സ് ജോസഫിന് സ്വീകരണം നല്‍കാനും സമിതി തീരുമാനിച്ചു. ചെയര്മാന് അഡ്വ. റോയ് വാരികാട്ട് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ പി.ടി ശ്രീകുമാര്‍, പിആര്‍ഒ ഷിബു കെ. തമ്പി, ഖാലിദ് സഖാഫി, സംഗീത വിശ്വനാഥന് എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham Local News Mullaperiyar People's Protection Committee