തിരുവമ്പാടി ബസ് സ്റ്റാൻഡിൽ പുതിയ പ്രിയദർശിനി ബസ് സർവീസിന്റെ ആദ്യ ട്രിപ്പ് സി.കെ. കാസിം എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
തിരുവമ്പാടി :കോഴിക്കോട്-ഓമശേരി-തിരുവമ്പാടി-കോടഞ്ചേരി-തുഷാരഗിരി റൂട്ടിൽ പുതിയ കെഎസ്ആർടിസി പ്രിയദർശിനി ബസ് സർവീസിന് തുടക്കമായി. ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്ര കൂടുതൽ സൗകര്യപ്രദമാക്കുന്നതാണ് പുതിയ സർവീസ്.
തിരുവമ്പാടി ഡിപ്പോയുടെ നേതൃത്വത്തിലാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്. തിരുവമ്പാടി ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ ആദ്യ ട്രിപ്പ് സി.കെ. കാസിം എംഎൽഎ ഉദ്ഘാടനം ചെയ്തു.
പുലർച്ചെ 3.50ന് തുഷാരഗിരിയിൽ നിന്ന് ആരംഭിക്കുന്ന സർവീസ് 4.30ന് കോടഞ്ചേരി, 4.50ന് തിരുവമ്പാടി, 5.10ന് ഓമശ്ശേരി, 5.20ന് അമ്പലക്കണ്ടി, 5.25ന് വെണ്ണക്കോട് വഴി രാവിലെ ആറിന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തും. തുടർന്ന് രാവിലെ 6.40ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ബസ് 7.50ന് മലയമ്മ, 8.00ന് അമ്പലക്കണ്ടി, 8.10ന് തിരുവമ്പാടി വഴി 8.40ന് കോടഞ്ചേരിയിലെത്തും.ഉച്ചയ്ക്ക് 12.40ന് കോടഞ്ചേരിയിൽ നിന്ന് പുറപ്പെടുന്ന സർവീസ് 1.20ന് തുഷാരഗിരി, 1.50ന് കോടഞ്ചേരി, 2.40ന് തിരുവമ്പാടി, 3.00ന് ഓമശേരി, 3.10ന് അമ്പലക്കണ്ടി, 3.20ന് മലയമ്മ വഴി 4.20ന് കോഴിക്കോട് എത്തിച്ചേരും.തിരിച്ച് വൈകിട്ട് 4.40ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന സർവീസ് 5.50ന് മലയമ്മ, 6.00ന് അമ്പലക്കണ്ടി, 6.10ന് തിരുവമ്പാടി, 6.30ന് കോടഞ്ചേരി വഴി രാത്രി 7.10ന് തുഷാരഗിരിയിലെത്തി സർവീസ് അവസാനിപ്പിക്കും. ജനശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകൾ ആശ്രയിക്കുന്ന കിഴക്കൻ മേഖലയിലെ യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ സർവീസാണിത്.ഉദ്ഘാടന ചടങ്ങില് പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിച്ചു.
ജില്ലാ യുഡിഎഫ് ചെയർമാൻ വി.ഡി. ജോസഫ്, കെഎസ്ആർടിസി താമരശേരി അസി. ട്രാൻസ്പോർട്ട് ഓഫീസർ കെ. സുമേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. അജിത, കെഎസ്ആർടിസി വികസന സമിതി അംഗം ടി.എം.എ. ഹമീദ്, ബോസ് ജേക്കബ്, സുന്ദരൻ എ. പ്രണവം എന്നിവർ പ്രസംഗിച്ചു.