കോട്ടയം: കെകെ റോഡില്‍ പാമ്പാടി 13-ാം മൈലില്‍ രണ്ടു യുവതികള്‍ മരിക്കാനിടയായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ റോഡിലെ കുശലംപറച്ചില്‍ വേണ്ട എന്ന പോസ്റ്റ് വൈറലായി. നിരവധി പേരാണ് പോസ്റ്റില്‍ ഷെയറും കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്.
റോഡില്‍ ജീവനുകള്‍ പൊലിയാനുള്ള കാരണം ഡ്രൈവര്‍മാരുടെ അശ്രദ്ധയോ അമിതവേഗമോ മാത്രമാകില്ല. കാല്‍നടയാത്രക്കാരും വാഹനയാത്രക്കാരും വരുത്തുന്ന തെറ്റുകളും വലിയ അപകടങ്ങളിലേക്കു വഴിവച്ചേക്കാമെന്ന് ഓര്‍മിപ്പിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. പാമ്പാടിയില്‍ അപകടമുണ്ടായതിനു പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നതോടെയാണ് അപകടത്തിന്റെ യാഥാര്‍ഥ്യം പുറംലോകമറിഞ്ഞത്.
അപകടമുണ്ടായതു ബസ് ഡ്രൈവറുടെ അശ്രദ്ധ മൂലമല്ലെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. റോഡിലെ വെള്ളവരയ്ക്കുള്ളില്നിന്നു സംസാരിച്ചിരുന്ന രണ്ടു പേരെ ഇടിക്കാതിരിക്കാന്‍ കാര്‍ ബ്രേക്ക് ചെയ്തതോടെ പിന്നാലെയെത്തിയ സ്കൂട്ടര്‍ നിയന്ത്രണംവിട്ടു യുവതികള്‍ ബസിനടിയിലേക്ക് വീഴുകയായിരുന്നു. റോഡില്‍ സംസാരിച്ചു നിന്ന രണ്ടു പേരുടെ അശ്രദ്ധമായ പ്രവൃത്തിതന്നെയാണ് പാമ്പാടിയിലെ അപകടത്തിന് കാരണമായത്.
നിയമം പാലിക്കപ്പെടണം
റോഡ് നിയമം വാഹനങ്ങള്‍ക്കു മാത്രമല്ല, കാല്നടയാത്രക്കാര്ക്കുമുണ്ട്. റോഡില്‍ വാഹനങ്ങള്‍ പോകാനുള്ള ഇടമാണ് കാര്യേജ് വേ (വെള്ള വരയ്ക്കുള്ളില്‍). അവിടെ ഒരു വാഹനം നിര്‍ത്തുന്നതും ആളുകള്‍ നില്ക്കുന്നതും വാഹനസഞ്ചാരത്തെ തടസപ്പെടുത്തും.
അപകടങ്ങള്‍ വിളിച്ചുവരുത്തും. വെള്ളവര കടന്നുള്ള പാര്‍ക്കിംഗ്, കച്ചവടം, പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കല്‍ എന്നിവ നിയമലംഘനങ്ങളാണ്.
വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ പരിചയം പുതുക്കാനോ സംസാരിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ റോഡില്‍ സ്ഥലം കണ്ടെത്തരുത്. അത്യാവശ്യമെങ്കില്‍ കാര്യേജ് വേക്ക് വെളിയില്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തു സംസാരിക്കണം. അപകടങ്ങളുടെ പശ്ചാത്തലത്തില്‍ റോഡില്‍ വാഹനം നിര്‍ത്തി സംസാരിക്കുന്നതും കുശലം പറയുന്നതും ഒഴിവാക്കിയേ മതിയാവൂ. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തിലോടുന്ന വാഹനം ഒരു സെക്കന്‍ഡില്‍ 17 മീറ്റര്‍ സഞ്ചരിക്കും.
അപകടം നഗരങ്ങളിലും
ഗ്രാമപ്രദേശങ്ങളില്‍ ഇത്തരത്തിലുള്ള സംഭവങ്ങളാണ് അപകടമുണ്ടാക്കുന്നതെങ്കില്‍ നഗരപ്രദേശങ്ങളില്‍ അനധികൃത കൈയേറ്റങ്ങളാണ് അപകടങ്ങള്‍ വിളിച്ചുവരുത്തുന്നത്. കോട്ടയത്ത് ഉള്‍പ്പടെ ഒട്ടുമിക്ക ജംഗ്ഷനുകളിലും ഫുട്പാത്തുകള്‍ കച്ചവടക്കാര്‍ കൈയടക്കിയിട്ടുണ്ട്. ഇതിനു പുറമെ അനധികൃത പാര്‍ക്കിംഗും പതിവാണ്. ഇതോടെ കാല്‍നടയാത്രക്കാര്‍ റോഡിലേക്കിറങ്ങി നടക്കേണ്ട സ്ഥിതിയാണ്. മൊബൈല്‍ ഫോണില്‍ നോക്കി ശ്രദ്ധയില്ലാതെ നടക്കുന്നവരും അപകടത്തിനിടയാക്കാറുണ്ട്.
സീബ്രാ ലൈനുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഇരുവശത്തും 100 മീറ്റര്‍ ദൂരം വ്യക്തമായി കാണാന്‍ സാധിക്കുന്ന സ്ഥലത്ത് മാത്രമേ റോഡ് മുറിച്ചുകടക്കാവൂ.
Tags :