മരിയന്‍ ലെയ്നിൽ വീടിനു ഭീഷണിയായി അറുപതടിയോളം ഉയരത്തില്‍ നിൽക്കുന്ന മണ്‍തിട്ട
മാടപ്പള്ളി: മാടപ്പള്ളി പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ മാമ്മൂട് മരിയന്‍ ലെയ്നില്‍ അറുപതടിയോളം ഉയരത്തില്‍ നിലകൊള്ളുന്ന മണ്‍തിട്ട 15 കുടുംബങ്ങളുടെ ജീവിതം ആശങ്കയിലാക്കുന്നു.
മണ്ണെടുത്ത സ്ഥലത്തോട് ചേര്‍ന്ന് സ്ഥലം വാങ്ങി വീടു നിര്‍മിച്ച് താമസിക്കുന്നവരാണ് ആശങ്കയുടെ മുള്‍മുനയില്‍ ദിവസങ്ങള്‍ എണ്ണി നീക്കുന്നത്.
മുന്നൂറോളം മീറ്റര്‍ നീളത്തില്‍ 40 അടി മുതല്‍ അറുപതടി വരെ ഉയരത്തിലാണ് വീടിനു സമീപങ്ങളില്‍ കൂറ്റന്‍ മണ്‍തിട്ടയുള്ളത്.
കഴിഞ്ഞ വര്‍ഷത്തെ മഴക്കാലത്ത് മണ്‍തിട്ടയുടെ ചില ഭാഗങ്ങളും കൂറ്റന്‍ കല്ലുകളും വീടുകളുടെ സമീപത്തേക്ക് ഇളകി വീണത് സമീപവാസികളെ ഭയാശങ്കയിലാക്കിയിരുന്നു. അദ്ഭുതകരമായാണ് വീടുകളില്‍ കഴിയുന്നവര്‍ രക്ഷപ്പെട്ടത്.
വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ ദുരന്തനിവാരണത്തിന്റെ ഭാഗമായി മണ്‍തിട്ട നീക്കംചെയ്ത് വീട്ടുകാരുടെ ആശങ്ക ഒഴിവാക്കണമെന്ന് ഉത്തരവിടുകയും റവന്യു അധികാരികള്‍ സ്ഥലത്തെത്തി മണ്‍തിട്ട നീക്കം ചെയ്യുമെന്ന് സ്ഥലവാസികള്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്തു.
റവന്യു അധികാരികളുടെ ഉത്തരവുപ്രകാരം കരാറുകാര്‍ മണ്‍തിട്ടയുടെ കുറച്ചുഭാഗത്തെ മണ്ണ് നീക്കിയശേഷം മണ്ണെടുപ്പ് നിര്‍ത്തിയിരിക്കുകയാണ്.
മരിയന്‍ ലൈന്‍ സംരക്ഷണ സമിതി കോട്ടയം ജില്ലാ കളക്ടര്‍ അടക്കമുള്ള റവന്യൂ അധികാരികള്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ മണ്‍തിട്ട നീക്കണമെന്ന് പരാതി നല്‍കിയിട്ടുണ്ട്.
പഞ്ചായത്ത് പടിക്കല്‍ 27ന് പ്രതിഷേധ ധര്‍ണ
എത്രയും വേഗം മണ്‍തിട്ട നീക്കംചെയ്ത് സമീപ വാസികളുടെ ഭീതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 27ന് രാവിലെ 10ന് മാടപ്പള്ളി പഞ്ചായത്ത് പടിക്കല്‍ പ്രതിഷേധ ധര്‍ണ്ണ നടത്തണമെന്ന് മരിയന്‍ ലെയ്ന്‍ സംരക്ഷണ സമിതി ചെയര്മാന് ബാബു കുട്ടന്‍ചിറ, രക്ഷാധികാരികളായ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജി. അശോക്, പഞ്ചായത്ത് മെംബർ സൈന തോമസ് എന്നിവര്‍ അറിയിച്ചു.
Tags :