തൊടുപുഴ: കൊച്ചി - ധനുഷ്കോടി ദേശീയപാതയില്‍ അടിമാലി-മൂന്നാര്‍ റൂട്ടില്‍ രണ്ടാം മൈല്‍ ഭാഗത്തുണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന ഗതാഗത നിരോധനം നീട്ടി. റോഡിലെ സുരക്ഷാ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യമായതിനാല്‍ ഗതാഗത വിലക്ക് രണ്ടാഴ്ചകൂടി തുടരുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് അറിയിച്ചു.
ദേശീയപാത നിര്‍മാണത്തിനിടയില്‍ മണ്ണും കല്ലും നീക്കം ചെയ്യുന്നതിനിടെ വലിയൊരു പാറ അടര്‍ന്നുവീണ് ഗതാഗതം തടസപ്പെട്ടിരുന്നു. തുടര്‍ന്ന് അപകടാവസ്ഥയിലുള്ള പാറകളും മരങ്ങളും നീക്കം ചെയ്യുന്നതിനിടയില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടാവുകയും റോഡിന്റെ സംരക്ഷണഭിത്തി തകരുകയും ചെയ്തു.
സ്ഥലം പരിശോധിച്ച ഹസാര്‍ഡ് അനലിസ്റ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇവിടെ എട്ടു മുതല്‍ ഒന്‍പതു മീറ്റര്‍ വരെ ഉയരത്തിലും 10 മുതല്‍ 30 മീറ്റര്‍ വരെ നീളത്തിലും പുതിയ സംരക്ഷണ ഭിത്തി നിര്‍മിക്കേണ്ടതുണ്ട്. പാറ പൊട്ടിച്ചു മാറ്റുന്നതുള്‍പ്പടെയുള്ള ഈ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വേണമെന്ന് ദേശീയപാത അഥോറിറ്റി അറിയിച്ചിട്ടുണ്ട്. റോഡ് പൂര്‍വസ്ഥിതിയിലാക്കി സുരക്ഷിതമെന്ന് ടെക്നിക്കല്‍ കമ്മിറ്റി ഉറപ്പുവരുത്തിയതിനുശേഷമേ ഗതാഗതം പുനരാരംഭിക്കൂ.
പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊഴിലാളികളുടെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ബാരിക്കേഡുകളും മുന്നറിയിപ്പ് ബോര്‍ഡുകളും രാത്രികാല സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തും. ഭാവിയില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ലംബമായ കട്ടിംഗിന് പകരം ശാസ്ത്രീയമായ ബെഞ്ച് കട്ടിംഗോ ചരിവ് നിലനിര്‍ത്തിയുള്ള രീതികളോ അവലംബിക്കാനും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Tags :