നെല്ലാപ്പാറ വളവില്‍ റോഡിലെ വെള്ള അടയാളങ്ങള്‍ പുതുതായി വരച്ചപ്പോള്‍.
തൊടുപുഴ: അപകടം തുടര്‍ക്കഥയാകുന്ന തൊടുപുഴ -പാലാ റൂട്ടിലെ നെല്ലാപ്പാറ വളവില്‍ സുരക്ഷയൊരുക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടപടി തുടങ്ങി. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനും അപകട സാധ്യതയൊഴിവാക്കാനുമായി വിവിധ സുരക്ഷാ സംവിധാനങ്ങളാണ് പിഡബ്ല്യുഡി റോഡ് മെയിന്റനന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നെല്ലാപ്പാറ വളവില്‍ നടന്നു വരുന്നത്.
പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ ഇവിടെ ഒട്ടേറെ അപകടങ്ങളാണുണ്ടായത്. കെഎസ്ആര്‍ടിസി ബസുകളും ചരക്കുലോറികളും ഉള്‍പ്പടെയാണ് ഇവിടെ അപകടത്തില്‍പ്പെട്ടത്.
മൂന്നു ഡ്രൈവര്‍മാരുടെ ജിവന് നഷ്ടമാകുകയും ഒട്ടേറെ പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. വളവിന്റെ അപകടാവസ്ഥ മനസിലാക്കാതെയാണ് പല വാഹന ഡ്രൈവര്‍മാരും ഇവിടെ അപകടത്തില്‍പ്പെടുന്നത്.
റോഡിന്റെ അശാസ്ത്രീയമായ നിര്‍മാണമാണ് ഇവിടെ അപകടങ്ങള്‍ക്കിടയാക്കുന്നത്. റോഡ് നവീകരണം ഏറ്റെടുത്ത കെഎസ്ടിപി വളവുകള്‍ അതേപടി നിലനിര്‍ത്തിയാണ് റോഡിനു വീതികൂട്ടി നിര്‍മാണം പൂര്‍ത്തീകരിച്ചത്.
വളവ് നിവര്‍ത്താന്‍ ഭൂമി ഏറ്റെടുത്തെങ്കിലും ഈ ശ്രമം പിന്നീട് ഉപേക്ഷിച്ചു. റോഡ് വീതികൂട്ടിയതോടെ വാഹനങ്ങള്‍ അമിതവേഗത്തില്‍ വരുന്നതാണ് അപകടം വര്‍ധിപ്പിക്കുന്നത്.
132 കിലോമീറ്റര്‍ പാതയില്‍ 27 കൊടും വളവുകളുണ്ടെങ്കിലും നെല്ലാപ്പാറയിലാണ് പതിവായി അപകടങ്ങള്‍ ഉണ്ടാകുന്നത്. ലോഡ് കയറ്റി അന്യസംസ്ഥാനങ്ങളില്‍നിന്നു വരുന്ന വാഹനങ്ങളാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്.
അപകടസാധ്യത മുന്നറിയിപ്പു ബോര്‍ഡുകളും മറ്റും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും ശാശ്വത പരിഹാരമായില്ല. അപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനായി നാറ്റ്പാക്കും മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗവും ഇവിടെ പഠനം നടത്തി പിഡബ്ല്യുഡിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനായി ആധുനിക രീതിയിലുള്ള റാംബിള് സ്ട്രിപ്പുകള്‍ റോഡില്‍ സ്ഥാപിച്ചു. ഇവ വൈബ്രേറ്റ് സംവിധാനത്തിലായതിനാല്‍ വാഹനത്തിന്റെ ട്രാക്ക് മാറിയാലും ഇവ മുന്നറിയിപ്പു നല്‍കും. ഇതോടെ വാഹനത്തിന്റെ വേഗത നിയന്ത്രിക്കാന്‍ കഴിയും.
റോഡിനു നടുവില്‍ ഫഌക്സിബിള്‍ പോളും സ്ഥാപിക്കും. വാഹനങ്ങള്‍ ട്രാക്ക് മാറി ഓവര്‍ടേക്ക് ചെയ്ത് അപകടമുണ്ടാകാതിരിക്കാനാണ് ഇത് സ്ഥാപിക്കുന്നത്. ഇതിനു പുറമേ സപീഡ് ബ്രേക്കറുകള്‍, സ്റ്റഡുകള്‍ , റിഫഌക്ടറുകള്‍ എന്നിവയും സ്ഥാപിക്കും.
ഡ്രൈവര്‍മാര്‍ക്ക് മുന്‍കൂട്ടി ജാഗ്രത നല്കാന് വളവുകള്‍ക്ക് 50 മീറ്റര്‍ മുന്‍പു മുതല്‍ സൂചനാ ബോര്‍ഡുകളും സ്ഥാപിച്ചു.
റോഡിലെ അടയാളങ്ങളും ഡ്രൈവര്‍മാര്‍ക്ക് വ്യക്തമായി കാണത്തക്കവിധം പുതുതായി വരച്ചിട്ടുണ്ട്.
റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് അപകടം കൂടാന്‍ കാരണമെന്ന ആക്ഷേപമുള്ളതിനാല്‍ അപകടം കുറയ്ക്കാനായി റോഡിന്റെ ഉപരിതലത്തിലും മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. ഇതോടെ കുത്തിറക്കം ഇറങ്ങിവരുന്ന വാഹനങ്ങളുടെ നിയന്ത്രണം നഷ്ടമാകില്ലെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ കണക്കുകൂട്ടല്‍.
സംസ്ഥാനത്തെ പിഡബ്ല്യുഡി റോഡുകളുടെ പരിപാലനം ഏഴു വര്‍ഷത്തേക്ക് കരാര്‍ നല്കുന്ന ഔട്ട്പുട്ട് ആൻഡ് പെര്‍ഫോമന്‍സ് ബേസ്ഡ് റോഡ് കോണ്‍ട്രാക്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതെന്ന് കോട്ടയം പൊതുമരാമത്ത് റോഡ് മെയിന്റനന്‍സ് വിഭാഗം അസി. എന്‍ജിനിയര്‍ പി.എസ്. ജയദേവ് പറഞ്ഞു.
ഇതിനു പുറമേ നെല്ലാപ്പാറ വളവില്‍ അമിതവേഗത ഉള്‍പ്പടെയുള്ള ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പ് എന്ഫോ്സ്മെന്റ് വിഭാഗവും ശക്തമായ നടപടിയുമായി മുന്നിട്ടിറങ്ങണമെന്ന ആവശ്യവും ഇവര്‍ മുന്നോട്ടുവയ്ക്കുന്നു.
Tags :