Individuals Are Honored for the Greatness of Their Deeds: Mar Pulikkal
വണ്ടന്മേട്: വ്യക്തികള്‍ ജീവിതദൈര്ഘ്യത്തിലുപരി അവരുടെ പ്രവൃത്തികൾകൊണ്ടാണ് ആദരണീയരാകുന്നതെന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാര്‍ ജോസ് പുളിക്കല്‍. വണ്ടന്മേട് മാസ് കന്പനി അങ്കണത്തില്‍ നടന്ന മാസ് ഗ്രൂപ്പ് ഓഫ് കമ്പനി ചെയര്മാന് ടി.ടി. ജോസിന്റെ ഒന്നാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
ഈശ്വരവിശ്വാസിയും നാടിന്റെയും രൂപതയുടെയും അഭിവൃത്തിക്കും ക്ഷേമത്തിനുമായി ഏറെ സംഭാവനകൾ നൽകിയ മനുഷ്യ സ്നേഹിയായിരുന്നു ടി.ടി. ജോസ്. ജോസ് എന്ന നന്മമരം നിരവധി പക്ഷികള്‍ക്കു ചേക്കേറാനും തണലേകാനും അവസരങ്ങള്‍ സൃഷ്ടിച്ച ശേഷമാണ് ഒരു വര്‍ഷം മുമ്പ് വിടവാങ്ങിയത്.
കര്‍ഷകരുടെയും നാടിന്റെയും അഭിമാനം ഉയര്‍ത്തിപ്പിടിക്കാനും മറ്റുള്ളവരുടെ വളര്‍ച്ചയ്ക്കും അവശ്യഘട്ടങ്ങളില്‍ സഹായം എത്തിക്കാനും നിസ്വാര്‍ഥമായി ഉത്സാഹിച്ചിരുന്ന അദ്ദേഹം കൈപിടിച്ചു നടത്തിയ നൂറുകണക്കിനാളുകളുടെ മനസില്‍ എന്നും ജീവിച്ചിരിക്കുമെന്നും മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.
രാവിലെ വണ്ടന്മേട് സെന്റ് ആന്റണീസ് പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കും പ്രത്യേക പ്രാര്‍ഥനകള്‍ക്കും ബിഷപ് മുഖ്യകാര്‍മികത്വം വഹിച്ച് സന്ദേശം നല്കി.
തുടര്‍ന്ന് മാസ് ഓഫിസ് അങ്കണത്തില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ ടി.ടി. ജോസ് ഫൗണ്ടേഷന് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനവും സുവനിയര്‍ പ്രകാശനവും ജോസ് കാര്‍ഡമം ബ്രാന്‍ഡിന്റെ ലോഞ്ചിംഗും നടന്നു.
ചാരിറ്റിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിച്ചു. സേനാപതി വേണു എംഎല്‍എ, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭന്, സ്പൈസസ് ബോര്‍ഡ് ചെയര്മാന് സംഗീത വിശ്വനാഥന്, മുന്‍ മന്ത്രി എം.എം. മണി, കമ്പം മുന്‍ എംഎല്‍എ എന്‍. രാമകൃഷ്ണന്, സ്പൈസസ് ബോര്‍ഡ് മുന്‍ വൈസ് ചെയര്മാന് സ്റ്റെനി പോത്തന്, ആര്. മോഹന്‍ദാസ് തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.
മാസ് കമ്പനി എംഡി ആന്‍ജോ ജോസ് സ്വാഗതവും കമ്പനി വൈസ് പ്രസിഡന്റ് രാജന് സാത്തി നന്ദിയും അര്‍പ്പിച്ചു. മുന്‍ എംപി ജോയിസ് ജോര്‍ജ്, മുന്‍ എംഎല്‍എ ഇ.എം. ആഗസ്തി, കട്ടപ്പന മുന്‍സിപ്പല്‍ ചെയര്മാന് ജോയി വെട്ടിക്കുഴി തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരും വൈദികരും ഉള്‍പ്പടെ നിരവധിയാളുകള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
മാസിന്റെ വിജയവഴികളുടെ വീഡിയോ പ്രസന്റേഷനും നടന്നു.
Tags :