ജർമനിയിൽ മരിച്ച നോവ സാബുവിന്റെ മൃതദേഹം ഇരട്ടയാർ ശാന്തിഗ്രാമിലെ വീട്ടിലെത്തിച്ചപ്പോൾ.
കട്ടപ്പന: ജർമനിയിൽ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ഇരട്ടയാർ ശാന്തിഗ്രാം സ്വദേശിനി കൊച്ചേടാട്ട് നോവ സാബുവിന് (25) നാട് വിട നൽകി.14നാണ് ജർമനിയിൽ നടന്ന തീപിടിത്തത്തിൽ നോവ മരണപ്പെട്ടത്.
ഡീൻ കുര്യാക്കോസ് എംപി ഉൾപ്പടെയുള്ളവരുടെ ഇടപെടലിനെത്തുടർന്ന് വ്യാഴാഴ്ചയാണ് നോവയുടെ മൃതദേഹം നടപടികൾക്കു ശേഷം ജർമനിയിൽനിന്നു കയറ്റിയയച്ചത്. വെള്ളിയാഴ്ച രാത്രി നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നു ബന്ധുക്കൾ ഏറ്റുവാങ്ങി ശനിയാഴ്ച രാവിലെ ഒന്പതിന് വീട്ടിൽ എത്തിച്ചു. രാവിലെ മുതൽ ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ ശാന്തിഗ്രാമിലുള്ള നോവയുടെ വീട്ടിലേക്ക് എത്തിക്കൊണ്ടിരുന്നു. മന്ത്രി അനൂപ് ജേക്കബ്, ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാർ തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.
മൂന്നു മാസം മുന്പാണ് നോവ ജർമനിയിലേക്കു പോയത്. കെട്ടിട ഉടമയുമായുള്ള തർക്കത്തിനൊടുവിൽ റൊമാനിയൻ സ്വദേശി കെട്ടിടത്തിനു തീയിടുകയായിരുന്നു. നോവയുടെ മാതാപിതാക്കൾ അടുത്ത മാസം വിദേശത്തേക്കു പോകാനിരിക്കെയാണ് മകളുടെ വിയോഗം ഉണ്ടാക്കിയ ദുരന്തവാർത്ത തേടിയെത്തിയത്.
റിട്ട. എസ്ഐ കെ.പി. സാബുവും ഭാര്യ ജ്യോതിയും മകളുടെ അടുത്തെത്താൻ വീസ ശരിയായാൽ ഉടൻ പോകാനുള്ള തയാറെടുപ്പിലായിരുന്നു. നോവ, സുഹൃത്തുക്കൾ താമസിക്കുന്ന അപ്പാർട്ടമെന്റിൽ അവരെ കാണാനായി പോയതാണ്. ഇതിനിടയിലാണ് അക്രമി കെട്ടിടത്തിന് തീവച്ചത്.
Tags :