അയ്മനത്ത് വെള്ളക്കെട്ടിൽ വീണ വിശ്വനാഥൻ എന്ന ആന.
അയ്മനം: കുളിപ്പിക്കാൻ കൊണ്ടുപോകുന്നതിനിടെ ആന പുല്ലുമൂടിക്കിടന്ന ആഴമേറിയ വെള്ളക്കെട്ടിൽ വീണു. അഞ്ചു മണിക്കൂറോളം വെള്ളക്കെട്ടിൽ കുടുങ്ങിയ വിശ്വനാഥൻ എന്ന ആനയെ ഒടുവിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വഴിവെട്ടി സുരക്ഷിതമായി കരയ്ക്കെത്തിച്ചു.
കുമ്മനം കിഴക്കുംഭാഗം മര്യാതുരുത്ത് ഭാഗത്താണ് സംഭവം. മര്യാതുരുത്തിലെ ഉടമയുടെ പുരയിടത്തിലാണ് ആനയെ പതിവായി തളയ്ക്കാറുള്ളത്. പതിവുപോലെ പാപ്പാന്മാർ ആനയെ കുളിപ്പിക്കാനായി കൊണ്ടുപോകുന്നതിനിടെ ആന കുറുമ്പുകാട്ടി ഓടുകയും സമീപത്തെ പുല്ലുമൂടിക്കിടന്ന വലിയ വെള്ളക്കെട്ടിലേക്ക് അബദ്ധത്തിൽ വീഴുകയുമായിരുന്നു.
വെള്ളക്കെട്ടിൽ താണുപോയ ആനയ്ക്ക് സ്വയം കരയ്ക്കുകയറാൻ സാധിക്കാതെ വന്നതോടെ പാപ്പാന്മാരും രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
തുടർന്ന് മണ്ണുമാന്തി യന്ത്രം എത്തിച്ച് സമീപത്തെ ചെറിയതോട് ഭാഗത്തെ മൺതിട്ട വെട്ടിമാറ്റി ആനയ്ക്ക് നടന്നുകയറാൻ പാകത്തിൽ വഴിയൊരുക്കുകയാണ് രക്ഷപ്പെടുത്തിയത്.
Tags :