ഉദയനാപുരം - നേരേകടവ് റോഡിനു സമാന്തരമായി ഒഴുകുന്ന സംരക്ഷണ ഭിത്തിയില്ലാത്ത പാമ്പിഴഞ്ഞാൻതോട്.
വൈക്കം: ഉദയനാപുരം - നേരേകടവ് റോഡിനു സമാന്തരമായുള്ള നാട്ടുതോടിന്റെ റോഡിനോടുചേർന്നുള്ള ഭാഗം കരിങ്കൽ ഭിത്തികെട്ടി റോഡ് ബലപ്പെടുത്തുന്നതിനുള്ള സാധ്യതാപഠനം നടത്താൻ 4.6 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.
ഉദയനാപുരം ക്ഷീരസംഘത്തിന്റെ പടിഞ്ഞാറുഭാഗം മുതൽ നേരേകടവ് പാലം ആരംഭിക്കുന്നതുവരെ
പാമ്പിഴഞ്ഞാൻതോട് കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിക്കുന്നതിനുളള സാധ്യതാ പഠനം നടത്തുന്നതിനുള്ള ഭരണാനുമതിയാണ് ലഭിച്ചത്.
റോഡിനു സമാന്തരമായി കായലോരംവരെ നീളുന്ന തോടിന്റെ 1600 മീറ്റർ ദൂരം കൽക്കെട്ടു നിർമിക്കുന്നതിന് ഇറിഗേഷൻ വകുപ്പാണ് 4.6 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയത്. റോഡിനോട് ചേർന്നുള്ള തോട് കരിങ്കൽ ഭിത്തികെട്ടി ബലപ്പെടുത്തിയില്ലെങ്കിൽ വാഹന അപകടത്തിന് സാധ്യതയുണ്ടെന്നും റോഡ് വീതികൂട്ടി പുനർനിർമിക്കുന്നതിനും സംരക്ഷണ ഭിത്തി അനിവാര്യമാണെന്ന് മന്ത്രി മോൻസ് ജോസഫിനെ എംഎൽഎ ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് ഇറിഗേഷൻ വകുപ്പ് സാധ്യതാപഠനം നടത്താൻ നടപടി സ്വീകരിച്ചത്.
വിദഗ്ധ സംഘത്തിന്റെ പഠനത്തിനുശേഷം വകുപ്പു തല ചർച്ചകൾ നടത്തി പദ്ധതിയ്ക്ക് ആവശ്യമായിട്ടുള്ള പണം അനുവദിക്കുമെന്ന് കെ.ബിനിമോൻ എംഎൽഎ അറിയിച്ചു.
Tags :