മെഡിക്കൽ കോളജ് ആശുപത്രിയിൽ സീലിംഗ് അടർന്നുവീണ പുതിയ സർജിക്കൽ ബ്ലോക്ക് ഏറ്റുമാനൂർ എംഎൽഎ നാട്ടകം സുരേഷ് സന്ദർശിക്കുന്നു. ആ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ പുതിയ ജനറൽ സർജറി ബ്ലോക്കിന്റെ നിർമാണത്തിലെ അപാകതയെത്തുടർന്ന് സീലിംഗ് അടർന്നുവീഴുന്നത് തുടർക്കഥയാകുന്നു. റെറ്റിന പരിശോധനാമുറിക്ക് സമീപത്തെ സീലിംഗ് കഴിഞ്ഞ ദിവസം അടർന്നുവീണിരുന്നു. എന്നാൽ സമീപത്തുണ്ടായിരുന്ന രോഗികൾക്ക് അപകടമൊന്നും സംഭവിച്ചില്ല.
പുതിയ സർജിക്കൽ ബ്ലോക്കിന്റെ നിർമാണത്തിൽ വലിയ പരാതികളാണ് ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ജൂലൈ മാസത്തിൽ സർജിക്കൽ ബ്ലോക്കിന്റെ ഒന്നാംനിലയുടെ സീലിംഗ് അടർന്നുവീണിരുന്നു. ശസ്ത്രക്രിയാ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്ന യൂണിറ്റിന്റെ സമീപത്തുള്ള ഇടനാഴിയിലെ സീലിംഗാണ് അടർന്നുവീണത്. ഇതിനു മുമ്പും സിലിംഗ് അടർന്നുവീണിരുന്നു.
സീലിംഗ് അടർന്നുവീണത് കൂടാതെ അഞ്ചാം നിലയിൽനിന്ന് വാർക്കയുടെ ഭാഗം അടർന്നുവീണ് ഒരു ഡോക്ടറുടെ കാറിന്റെ മുൻവശത്തെ ചില്ല് തകർന്നിരുന്നു. പല ശുചിമുറികളും ചോർച്ചയുള്ളതായും രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു. മഴക്കാലത്ത് കെട്ടിടത്തിന്റെ തൂണിലൂടെ മഴവെള്ളം ഒഴുക്കുന്ന സ്ഥിതിയായിരുന്നു.
257 കോടി രൂപ ചെലവില്‍ നിർമിച്ച പുതിയ സർജിക്കല്‍ ബ്ലോക്കിന്റെ നിർമാണത്തിലെ അപാകതകളും അടിസ്ഥാന സൗകര്യങ്ങളിലെ തകരാറുകളും നേരത്തെയും പരാതികള്‍ക്ക് ഇടയാക്കിയിരുന്നു.
സീലിംഗ്, ജലവിതരണ സംവിധാനം, ഫാനുകള്‍ ഉള്‍പ്പടെയുള്ള വൈദ്യുത ഉപകരണങ്ങള്‍ എന്നിവ സംബന്ധിച്ചും വ്യാപക പരാതികളുണ്ടായിരുന്നു.
രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും കയറിയിറങ്ങുന്ന സർജിക്കൽ ബ്ലോക്കിൽ തുടർച്ചയായി സീലിംഗ് അടർന്നുവീഴുന്നത് അപകടഭീഷണി ഉയർത്തുന്നുണ്ട്.
Tags :