പറവൂർ: മൂത്തകുന്നം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരില്ലാത്തത് രോഗികളെ വലയ്ക്കുന്നു. പനിയും മറ്റ് പകർച്ചവ്യാധികളും നാടാകെ പടരുമ്പോൾ സാധാരണക്കാർ ചികിത്സ തേടിയെത്തുന്ന ഇവിടെ പേരിന് ഒരു ഡോക്ടർ മാത്രമാണുള്ളത്.
ആശുപത്രി സൂപ്രണ്ട് സ്ഥലം മാറിപ്പോയിട്ട് ആഴ്ചകളായി. പകരം സൂപ്രണ്ടില്ലാത്തത് ആശുപത്രിയുടെ മേൽനോട്ട പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്ന സ്ഥിതിയാണ്. എൻഎച്ച്എം വഴി നിയമിച്ചിരുന്ന രണ്ട് ഡോക്ടർമാർ ഇല്ലാതായിട്ട് ഒരു മാസം കഴിഞ്ഞു. പകരം സംവിധാനമൊരുക്കാൻ അധികാരികൾക്കായിട്ടില്ല. പ്രതിദിനം അഞ്ഞൂറോളം പേർ ചികിത്സ തേടിയെത്തുന്ന കേന്ദ്രമാണിത്.
പനി മൂലം എത്തുന്നവർ മണിക്കൂറുകളോളം ചികിത്സക്കായി കാത്ത് നിൽക്കേണ്ട സ്ഥിതിയാണ്. രോഗികളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം രീതികൾ അവസാനിപ്പിക്കണമെന്നും ആശുപത്രിയിലെത്തുന്ന രോഗികൾക്ക് സൗകര്യപ്രദമായ ചികിത്സ ഉറപ്പാക്കുന്നതിന് മതിയായ ഡോക്ടർമാരെ നിയോഗിക്കണമെന്നും വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. സനീഷ് ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Ernakulam