ഫയർഫോഴ്സ് വാഹനം റിവേഴ്സ് എടുത്ത് പ്രയാസപ്പെടുന്നു.
ഹരിപ്പാട്: തീപിടിത്തമോ അപകടങ്ങളോ ഉണ്ടായാൽ സെക്കൻഡുകൾ പോലും നിർണായകമാണ്. എന്നാൽ, അടിയന്തര സന്ദേശം ലഭിച്ചാൽ ഫയർ എൻജിനുമായി പ്രധാന റോഡിലേക്ക് ഇറങ്ങുക എന്നത് ഹരിപ്പാട് ഫയർ ആൻഡ് റെസ്ക്യൂ സംഘത്തിന് നിലവിൽ വലിയൊരു കടമ്പയാണ്.
ഇടുങ്ങിയ വഴി, ഇറക്കത്തിലെ മതിലുകൾ, എതിരെ വരുന്ന മറ്റ് വാഹനങ്ങൾ ദുരന്തമുഖത്തേക്ക് പാഞ്ഞെത്തേണ്ട വാഹനം റിവേഴ്സ് ഗിയറിലിട്ട് കഷ്ടപ്പെട്ട് പ്രധാന പാതയിലേക്ക് കടക്കുമ്പോഴേക്കും നിർണായകമായ മിനിറ്റുകളാണ് റോഡിൽ പൊലിയുന്നത്. എന്നാൽ, നിർദിഷ്ട സ്റ്റേഷൻ നിർമാണത്തിനായി ഭൂമി ഏറ്റെടുത്ത് കൈമാറിയതോടെ ഈ വലിയ ആധിക്കാണ് ഒടുവിൽ ശാശ്വത പരിഹാരമാകുന്നത്.
ദേശീയപാതയ്ക്കു സമീപം ബിഎസ്എൻഎൽ ഓഫീസിനോട് ചേർന്നുള്ള വാടകക്കെട്ടിടത്തിലാണ് നിലവിൽ ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. പൊതുജനങ്ങളും ബിഎസ്എൻഎൽ ജീവനക്കാരും സ്ഥിരമായി ഉപയോഗിക്കുന്ന ഈ വഴിക്ക് വീതി വളരെ കുറവാണ്. സ്റ്റേഷനിൽനിന്ന് റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്തെ മതിലുകളുടെ തടസം മൂലം വലിയ ഫയർ എൻജിനുകൾക്ക് ഒരൊറ്റ തിരിവിൽ മുന്നോട്ട് പോകാൻ സാധിക്കില്ല. ഒന്നിലധികം തവണ വണ്ടി മുന്നോട്ടും പുറകോട്ടും എടുത്ത് ഏറെ പ്രയാസപ്പെട്ടാണ് വാഹനങ്ങൾ പ്രധാന റോഡിലേക്ക് കടക്കുന്നത്. ഇതിനിടയിൽ എതിരെ ഏതെങ്കിലും വാഹനം കൂടി വന്നാൽ ഗതാഗതം പൂർണമായും സ്തംഭിക്കുന്ന സ്ഥിതിയാണ്.
നിലവിലെ വാടകക്കെട്ടിടത്തിൽ സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പുതന്നെ നങ്ങ്യാർകുളങ്ങരയിൽ പുതിയ സമുച്ചയത്തിനായി 30 സെന്റ് ഭൂമി കണ്ടെത്തിയിരുന്നു. എന്നാൽ, വലിയ ഫയർവാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ പ്രവേശന പാതയ്ക്ക് വീതി കുറവായിരുന്നു.
തുടർന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരിട്ട് ഇടപെട്ട് ഭൂഉടമയുമായി ചർച്ച നടത്തിയാണ് പ്രവേശന പാതയ്ക്കുള്ള തടസം പരിഹരിച്ചത്.
വഴിവികസനത്തിനായി 1.33 സെന്റ് ഭൂമി കൂടി അധികമായി ഏറ്റെടുക്കുകയായിരുന്നു. ബജറ്റിൽ വകയിരുത്തിയ അഞ്ചു കോടി രൂപ ചെലവഴിച്ച് അത്യാധുനിക സമുച്ചയം ഉയരുന്നതോടെ, വഴിത്തടസങ്ങളില്ലാതെ ഹരിപ്പാടിന്റെ ജീവനും സ്വത്തിനും അതിവേഗം സംരക്ഷണമൊരുക്കാൻ ഫയർഫോഴ്സിന് സാധിക്കും.
Tags : Nattuvishesham DistrictNews DeepikaNews reverse gear