കൊപ്പം ആശുപത്രി ജംഗ്ഷനിലെ കട വരാന്തയിൽ ബസ് കാത്തിരിക്കുന്നവർ.
വിതുര: കൊപ്പം താലൂക്കാശുപത്രി ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രമില്ലാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. ഉണ്ടായിരുന്ന കേന്ദ്രം വർഷങ്ങൾക്കു മുമ്പ് പൊളിച്ചു മാറ്റിയതോടെ വെയിലിലും മഴയിലും റോഡുവക്കിൽ നിൽക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. റോഡിന്റെ വശത്തെ കട വരാന്തകളാണ് സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർക്ക് ആശ്രയം.
താലൂക്കാശുപത്രിയും സർക്കാർ സ്കൂളുകളും സ്ഥിതി ചെയ്യുന്ന ജങ്ഷനിലാണ് ഈ അവസ്ഥ. ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരുമാണ് ഏറെ ദുരിതമനുഭവിക്കുന്നത്.
പ്രായമുള്ളവരുൾപ്പടെയുള്ള രോഗികൾ കടത്തിണ്ണകളിലിരിക്കുന്നത് പതിവു കാഴ്ചയാണ്.
വിഎച്ച്എസ്എസ്, യുപിഎസ്, പഞ്ചായത്തോഫീസ്, സബ്ട്രഷറി, മൃഗാശുപത്രി, കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലേക്കുള്ള പ്രധാന വഴി തിരിയുന്നത് കൊപ്പം ജംഗ്ഷനിൽ നിന്നാണ്.
വിതുര പാലോട് പ്രധാനപാതയിലാണ് ജംഗ്ഷൻ. പാലോട് കൂടാതെ തെന്നൂർ, പെരിങ്ങമ്മല, ശാസ്താംകാവ്, ആനപ്പെട്ടി, പുളിച്ചാമല, നാഗര തുടങ്ങി വിവിധ സ്ഥലങ്ങളിലേക്കുള്ള ബസുകൾ പോകുന്നത് ജംഗ്ഷനിലൂടെയാണ്.