പ്രതീകാത്മക ചിത്രം
കോടഞ്ചേരി: മലബാറിലെ പ്രമുഖ മരിയൻ തീർത്ഥാടന കേന്ദ്രമായ കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളും എട്ടുനോമ്പാചരണവും ദിവ്യകാരുണ്യ ആരാധനയും നാളെ മുതൽ എട്ട് വരെ നടക്കും. നാളെ രാവിലെ ആറിന് റെക്ടർ ഫാ. ജോൺ ഒറവങ്കര കൊടിയേറ്റ് കർമ്മം നിർവഹിക്കും. തുടർന്ന് വിശുദ്ധ കുർബാന തുടർന്ന് അഖണ്ഡ ജപമാലയ്ക്ക് തുടക്കം കുറിക്കും. എല്ലാ ദിവസവും രാവിലെ ആറിനും ഉച്ചയ്ക്ക് 12 നും വൈകിട്ട് അഞ്ചിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കും.
കല്യാൺ രൂപത എമിരിറ്റസ് ബിഷപ് മാർ തോമസ് ഇലവനാൽ, താമരശേരി രൂപത വികാരി ജനറാൾ മോൺ. ഏബ്രഹാം വയലിൽ തുടങ്ങി നിരവധി വൈദികർ വിവിധ ദിവസങ്ങളിലെ വിശുദ്ധ കുർബാനകളിൽ മുഖ്യകാർമികത്വം വഹിക്കും.
തിരുനാൾ ദിവസങ്ങളിൽ വൈകുന്നേരം ആറിന് പ്രശസ്ത വചനപ്രഘോഷകൻ ഫാ. ജോൺ പള്ളിക്കാവയലിന്റെ നേതൃത്വത്തിൽ മരിയൻ ധ്യാനവും ഉണ്ടായിരിക്കും. സെപ്റ്റംബർ എട്ടിനാണ് പ്രധാന പിറവിത്തിരുനാൾ ആചരിക്കുന്നത്.
അന്ന് രാവിലെ പത്തിന് വികാരി ജനറാൾ മോൺ. ഫാ. ഏബ്രഹാം വയലിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും ഫാ. മാത്യു നായിക്കാംപറമ്പിൽ വിസിയുടെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷവും നടക്കും.