സുരേഷ് ഗോപി
ആലപ്പുഴ: ഔദ്യോഗിക വാഹനം വരാൻ വൈകിയതിനെത്തുടർന്ന് ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയിലെ വസ്ത്രവ്യാപാരശാലയുടെ ഉദ്ഘാടനത്തിനു ശേഷം സുരേഷ് ഗോപി പുറത്തിറങ്ങിയപ്പോൾ ഔദ്യോഗിക വാഹനം കണ്ടില്ല. ജനത്തിരക്കു കാരണമാണ് മാറ്റി പാർക്ക് ചെയ്ത വാഹനം വരാൻ വൈകിയത്.
ഈ സമയം അതുവഴി വന്ന ഓട്ടോയിൽ കയറിയ കേന്ദ്രമന്ത്രി മുൻ എംപി എ.എം. ആരിഫിന്റെ വീട്ടിലേക്ക് പോയി. ആരിഫിന്റെ മകളുടെ വിവാഹത്തിനെത്താൻ സാധിക്കാത്തതിനാലാണ് അങ്ങോട്ടേക്ക് പോയതെന്നാണ് വിശദീകരണം. കേന്ദ്രമന്ത്രി കയറിയ ഓട്ടോറിക്ഷയ്ക്ക് രണ്ട് പോലീസ് വാഹനങ്ങളും അകമ്പടിയായി. ആരിഫിന്റെ വീട്ടിൽ കുറച്ചു സമയം ചെലവഴിച്ചപ്പോൾ ഔദ്യോഗിക വാഹനം അവിടെത്തി. തുടർന്ന് ഈ വാഹനത്തിൽ കയറി റയിൽവേ സ്റ്റേഷനിലെത്തിയ അദ്ദേഹം വന്ദേഭാരത് ട്രെയിനിൽ മടങ്ങി.
രാവിലെ 11.30ന് വീട്ടിലെത്തിയ സുരേഷ് ഗോപി 45 മിനിറ്റ് വീട്ടിൽ ചെലവഴിച്ച് ചായ സത്കാരത്തിൽ പങ്കെടുത്ത ശേഷമാണ് റെയിൽവേ സ്റ്റേഷനിലേക്ക് മടങ്ങിയതെന്ന് എ.എം. ആരിഫ് ദീപികയോടു പറഞ്ഞു.
Tags : Nattuvishesham Local News Official vehicle Suresh Gopi autorickshaw