പ്രതീകാത്മക ചിത്രം
കണ്ണൂർ: ഓപ്പറേഷൻ സൈ-ഹണ്ട് 5.0 യുടെ ഭാഗമായി കണ്ണൂർ സിറ്റി പൊലിസ് പരിധിയിൽ നടത്തിയ പരിശോധനയിൽ 22 കേസുകൾ രജിസ്റ്റർ ചെയ്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത സൈബർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സൈബർ തട്ടിപ്പുകൾക്ക് വേണ്ടി അക്കൗണ്ട് എടുത്തു നൽകിയവരേയും, ഇത്തരത്തിലുള്ള തട്ടിപ്പിൽപെട്ട പണം എടിഎം വഴിയും ചെക്ക് വഴിയും പിൻവലിച്ചവരേയും കേന്ദ്രീകരിച്ചാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ സൈ-ഹണ്ട് 5.0 എന്ന പേരിൽ സെർച്ച് നടത്തിയത്.
കേരള പൊലിസ് സൈബർ ഓപ്പറേഷൻ വിഭാഗം നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ പരിശോധിച്ചതിൽ കേരളത്തിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന അക്കൗണ്ടുകളെ കേന്ദ്രീകരിച്ചാണ് ഓപ്പറേഷൻ നടത്തിയത്. കണ്ണൂർ സിറ്റി പൊലിസ് പരിധിയിൽ 49 പരിശോധനകൾ നടത്തി. 22 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. 49 പരിശോധനകളിൽ അഞ്ചെണ്ണം ചെക്ക് വഴിയും ഏഴെണ്ണം എടിഎം വഴി പിൻവലിച്ചവയുവാണ്. 37 എണ്ണം തട്ടിപ്പുകൾക്കായി അക്കൗണ്ട് നൽകിയവയുമാണ്.
കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ബി.വി. വിജയ ഭരത് റെഡ്ഡിയുടെ നിർദേശപ്രകാരം ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷനിലെയും ഉദ്യോഗസ്ഥരാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. സൈബർ തട്ടിപ്പുകൾക്കായി സ്വന്തം അക്കൗണ്ട് നൽകുകയോ മറ്റൊരാൾക്ക് അക്കൗണ്ട് എടുത്തുനൽകുകയോ ചെയ്യുന്നവർക്കെതിരേയും, തട്ടിപ്പ് പണം എടിഎം, ചെക്ക് എന്നിവ വഴി പിൻവലിക്കുന്നവർക്കെ തിരേയും, ഇത്തരം തട്ടിപ്പുകളിൽ കണ്ണികളാകുന്നവർക്കെതിരേയും 'ഓപ്പറേഷൻ സൈ-ഹണ്ട്' നടപടികൾ തുടരുമെന്ന് സിറ്റി പൊലിസ് കമ്മിഷണർ അറിയിച്ചു.
Tags : Operation Cy-Hunt nattuvishesham local news 22 cases within Kannur City Police jurisdiction