പാലക്കാട് മേഴ്സി കോളജ് വാർഷികാഘോഷം തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്യുന്നു. - ദീപിക.
പാലക്കാട്: ജില്ലയിലെ ആദ്യ വനിതാ കലാലയമായ മേഴ്സി കോളജിന്റെ അറുപത്തിരണ്ടാമത് വാർഷികം വിപുലമായി ആഘോഷിച്ചു. സിഎംസി ജയ് ക്രിസ്റ്റോ പ്രോവിൻസ് എഡ്യുക്കേഷണൽ കൗൺസിലർ സിസ്റ്റർ ലത ലൂയി അധ്യക്ഷത വഹിച്ചു.
തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്ത് അനുഗ്രഹപ്രഭാഷണം നടത്തി. കരുണയുടെമുഖം അറുപത്തിരണ്ടാം വർഷത്തിലും കാത്തുസൂക്ഷിക്കുന്ന മേഴ്സി കോളജ് തുറന്ന ചിന്താഗതികളും സംവാദങ്ങളുമുള്ള ഇടമായി വർത്തിക്കണമെന്ന് ബിഷപ് പറഞ്ഞു.
സംസ്ഥാന എൻസൈക്ലോപീഡിക് പബ്ലിക്കേഷൻ ഡയറക്ടറും ആലുവ യുസി കോളജ് മുൻ അധ്യാപികയുമായ ഡോ. മ്യൂസ് മേരി ജോർജ് മുഖ്യപ്രഭാഷണം നടത്തി. നീണ്ടകാലത്തെ കോളജ് അധ്യാപകവൃത്തിയിൽനിന്ന് വിരമിക്കുന്ന സസ്യശാസ്ത്രവിഭാഗം മേധാവി അസോസിയേറ്റ് പ്രഫസർ ഡോ. ജല്ലി ലൂയിസിനെയും ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. ട്രിസീന എം. ആലപ്പാട്ടിനെയും ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ഡോ.എൻ.എം. ലൗലി കോളജ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മേഴ്സി കോൺവന്റ് ലോക്കൽ മാനേജർ സിസ്റ്റർ ഡോ.വി.പി. ഷൈനി ഈ വർഷത്തെ റാങ്ക് ജേതാക്കളായ വിദ്യാർഥിനികൾക്കു പുരസ്കാരങ്ങൾ വിതരണം ചെയ്തു. പാലക്കാട് സെന്റ് റാഫേൽസ് കത്തീഡ്രൽ വികാരി ഫാ. ജോഷി പുലിക്കോട്ടിൽ, പിടിഎ വൈസ് പ്രസിഡന്റ് വി. ഭവജൻ പ്രസംഗിച്ചു. ഡോ. ട്രിസീന എം. ആലപ്പാട്ട് സ്വാഗതവും സ്റ്റുഡന്റ്സ് യൂണിയൻ ചെയർപേഴ്സൺ ബി. ഭദ്ര നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർഥിനികളുടെ കലാപരിപാടികൾ അരങ്ങേറി.