പാലാവയൽ: ഓടപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും വീണ്ടും കാട്ടാനശല്യം രൂക്ഷമാകുന്നു. ബുധനാഴ്ച രാത്രി കർണാടക വനത്തിൽ നിന്നു കാര്യങ്കോട് പുഴ കടന്ന് എത്തിയ കാട്ടാനക്കൂട്ടം തൈക്കൽ ജോസ്, തട്ടാൻപറമ്പിൽ കുഞ്ഞുമോൻ എന്നിവരുടെ കൃഷിയിടത്തിൽ എത്തിയ കാട്ടാനക്കൂട്ടം തെങ്ങ്, കമുക്, ഇടവിളകൃഷികൾ എന്നിവ നശിപ്പിച്ചു. പാലാവയൽ ടൗണിൽ നിന്നു ഏകദേശം 400 മീറ്റർ അകലെയുള്ള കൃഷിയിടത്തിൽ കാട്ടാനക്കൂട്ടം നാശം വിതച്ചതോടെ ടൗൺ നിവാസികളും ഏറെ ഭയത്തോടെയാണ് രാത്രികാലം കഴിച്ചുകൂട്ടുന്നത്.
കർണാടക വനാതിർത്തിയോടു ചേർന്നുകിടക്കുന്ന ഓടപ്പള്ളി, ആറാട്ടുകടവ്, വെള്ളക്കല്ല്, കൂട്ടക്കുഴി, മീനഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാനശല്യം സ്ഥിരമായതിനെ തുടർന്ന് വനംവകുപ്പ് ഓടപ്പളളിക്കടവ് മുതൽ മനഞ്ചേരി വരെ വൈദ്യുതി വേലി സ്ഥാപിക്കുകയും കാട്ടാനശല്യത്തിന് ശമനം ഉണ്ടാവുകയും ചെയ്തു. വൈദ്യുതി വേലി ഇല്ലാത്ത ഓടപ്പള്ളിക്കടവ് മുതൽ പാലാവയൽ ടൗൺ വരെയുള്ള വൈദ്യുതി വേലി ഇല്ലാത്ത ഭാഗത്തെ കൃഷിയിടങ്ങളിലാണ് ഇപ്പോൾ കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്.
മുൻ ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, പഞ്ചായത്തംഗം പ്രശാന്ത് പാറേക്കുടിയിൽ എന്നിവരുടെ ശ്രമഫലമായി ഓടപ്പള്ളിക്കടവ് മുതൽ പാലാവയൽ ടൗൺ വരെയുള്ള പ്രദേശത്ത് കാര്യങ്കോട് പുഴയരികിലൂടെ 750 മീറ്റർ ദൂരത്തിൽ വൈദ്യുതിവേലി സ്ഥാപിക്കുവാൻ വനം വകുപ്പ് തീരുമാനിക്കുകയും ഇതിൻപ്രകാരം ടെൻഡർ നടപടികൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ പുഴയരികിൽ കൃഷിയിടങ്ങളുള്ള ചിലർ ഇതിനാവശ്യമായ സമ്മതപത്രം വനംവകുപ്പിന് നൽകാൻ തയാറാകാത്തതിനാൽ വനംവകുപ്പിന് പദ്ധതി നടപ്പാക്കാൻ സാധിച്ചില്ല.
ഇതേത്തുടർന്ന് പുഴയുടെ പുറംപോക്കിലൂടെ വൈദ്യുതി വേലി നിർമിക്കാമെന്ന് പഞ്ചായത്ത് ഭരണസമതി തീരുമാനമെടുത്തെങ്കിലും പുറംപോക്കിനും അവകാശവാദം ഉന്നയിച്ച് രംഗത്ത് വന്നതോടെ പദ്ധതി നടപ്പിലായില്ല. ചിലരുടെ പിടിവാശി മൂലം നിരവധി കുടുംബങ്ങളാണ് ഭയാശങ്കയിൽ കഴിയുന്നത്.
Tags : Nattuvishesham Local Desk Palavayal Town Kattanapady