പന്തിക്കടവ് തഹിയാത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയവർ.
മാനന്തവാടി: ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പൂർത്തിയായി. ഡിവിഷൻ പരിധിയിലെ ഏഴ് വാർഡുകളിലായി സജ്ജീകരിച്ച 10 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്.
രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറിന് അവസാനിച്ചു. 60.37 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാർഥി ലീല ഗോവിന്ദനും എൽഡിഎഫ് സ്ഥാനാർഥി ജി. രമ്യയും ബിജെപി സ്ഥാനാർഥി ശ്രീജ ബാലചന്ദ്രനുമാണ് ഡിവിഷനിൽ ജനവിധി തേടിയത്.
രാവിലെ ഏഴിനുതന്നെ പോളിംഗ് ആരംഭിച്ചു. ബൂത്തുകളിൽ പൊലിസ് ശക്തമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ആകെ 8,808 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. എന്നാൽ ബൂത്തുകളിൽ വോട്ടർമാരുടെ വലിയ തിരക്ക് അനുഭവപ്പെട്ടില്ല. തുടക്കം മുതൽ പോളിംഗ് മന്ദഗതിയിലായിരുന്നത് പ്രവർത്തകരെ നിരാശരാക്കുകയും ചെയ്തു. എങ്കിലും ജയപ്രതീക്ഷയിലാണ് മുന്നണികൾ.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന ഉഷ വിജയൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നുവന്ന ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണൽ ഇന്ന് രാവിലെ 10 മുതൽ മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂളിൽ ആരംഭിക്കും. വോട്ടെണ്ണൽ പൂർത്തിയാകുന്നതോടെ പള്ളിക്കൽ ഡിവിഷന്റെ പുതിയ പ്രതിനിധിയെ വ്യക്തമാകും.