പന്നഗംതോട്ടിൽ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യം.
മറ്റക്കര: നാടിന്റെ ജീവനായി മറ്റക്കരയിലൂടെ ഒഴുകുന്ന പന്നഗം തോട് മാലിന്യംനിറഞ്ഞ് മലിനമായിട്ടും യാതൊരു നടപടിയുമെടുക്കാതെ അധികൃതര്‍.
കഴിഞ്ഞ വെള്ളപ്പൊക്കത്തിന് അടിഞ്ഞുകൂടിയ മാലിന്യങ്ങളാണ് തോടിന്റെ മിക്ക ഭാഗങ്ങളിലും വെള്ളമൊഴുക്ക് തടസപ്പെടുത്തി കുന്നുകൂടിക്കിടക്കുന്നത്.
പന്നഗം തോടിന്റെ പ്രധാന പാലങ്ങളുടെ തൂണുകളിലെല്ലാം തന്നെ മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയിട്ടുണ്ട്. പഞ്ചായത്ത് ഇടപെട്ട് പടിഞ്ഞാറേ പാലത്തിന്റെ തൂണുകളില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ കുറെ നീക്കിയിരുന്നു. മറ്റ് നിരവധി സ്ഥലങ്ങളിലും മാലിന്യങ്ങള്‍ കെട്ടിക്കിടക്കുകയാണ്. അകലക്കുന്നം പഞ്ചായത്തിലെ മഞ്ഞാമറ്റത്തിന് അടുത്തുള്ള മുക്കംകുടി പാലത്തിലെ തൂണുകളില്‍ വെള്ളപ്പൊക്കത്തിന് അടിഞ്ഞുകൂടിയ മരങ്ങളും മാലിന്യങ്ങളും പാലത്തിന് ഭീഷണിയായി നിലനിന്നിട്ടും അധികാരികള്‍ തിരിഞ്ഞു നോക്കുന്നതേയില്ല.
തുലാമഴയത്ത് ഈ പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടാകാനും പാലത്തിന് ബലക്ഷയം ഉണ്ടാകാനും ഇടയായേക്കാവുന്ന ഈ മാലിന്യങ്ങള്‍ എത്രയും വേഗം നീക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മറ്റക്കര ചെമ്മട്ടപ്പാറ കടവിനു സമീപം വട്ടോളിക്കടവില്‍ തോടിന് കുറുകെ മരം വീണ് മാലിന്യങ്ങള്‍ കുന്നുകൂടിക്കി ടക്കുകയാണ്.
ടണ്‍ കണക്കിന് മാലിന്യങ്ങളാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. സ്വച്ഛതാ ഹീ സേവ കാമ്പയിനുമായി ബന്ധപ്പെട്ട് ഈ തോടുകള്‍ മുഴുവന്‍ വൃത്തിയാക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.