പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ടീം.
അങ്ങാടിപ്പുറം: കടുങ്ങപുരം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മങ്കട ഉപജില്ലാ ശാസ്ത്രനാടക മത്സരത്തിൽ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം. തുടർച്ചയായി നാലാം തവണയാണ് ശാസ്ത്രനാടക കിരീടം പരിയാപുരം സെന്റ് മേരീസിനു സ്വന്തമായത്. പരിയാപുരം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർഥികളായ കെ. വരദ മികച്ച നടിയായും പി. ദേവദർശൻ മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകൻ, മികച്ച സ്ക്രിപ്റ്റ് എന്നിവയ്ക്കുള്ള പുരസ്കാരവും നാടകം നേടി. കെ.ടി.ശ്രേയ സുനിൽ, കെ. നിധി, അന്റോണിയോ നിഖിൽ, പി. ആര്യ, കെ.ടി. ഫാത്തിമ മിൻഷ, ആൽബർട്ട് ജെറിൻ എന്നിവർ കൂടി ഉൾപ്പെട്ടതാണ് നാടക ടീം.
ഹരിലാൽ ബത്തേരി (രചന), ഷിഗിൽ ഗൗരി (സംവിധാനം), ജിതിൻ കൂഫി, അരുണ്‍ എൻ.ശിവൻ, വിപിൻരാഗ് കെട്ടുങ്ങൽ (കലാ സംവിധാനം), ഒ.ഒ. ആനന്ദ് (ക്രിയേറ്റീവ് ഹെഡ്), മനോജ് വീട്ടുവേലിക്കുന്നേൽ (ടീം മാനേജർ) എന്നിവർ ചേർന്നാണ് "ദി ബിയോണ്ട്’ എന്ന നാടകം ഒരുക്കിയത്.
ഭൂമി സ്വാഭാവികത നഷ്ടപ്പെട്ട് പ്രതിസന്ധിയിലാകുന്ന ഒരു കാലഘട്ടത്തിൽ, മനുഷ്യകുലത്തിന് പുതിയൊരു ആവാസവ്യവസ്ഥ (ഹാബിറ്റാറ്റ്) കണ്ടെത്താൻ ചുമതലയേൽക്കുന്ന ഒരു സംഘത്തിന്റെ അതിജീവന കഥയാണ് "ദി ബിയോണ്ട്’.