സംസ്ഥാന അതിർത്തിക്കു സമീപം തലപ്പാടി ദേശീയപാതയിൽ നിർത്തിയിട്ടിരിക്കുന്ന ചരക്കുവാഹനങ്ങൾ.
കാസർഗോഡ്: തൃശൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട ചരക്കുലോറിയിലേക്ക് കാർ ഇടിച്ചുകയറി എട്ടു വിദ്യാർഥികളുടെ ജീവൻ നഷ്ടമായ അപകടം ഇവിടെയുള്ളവർക്കും പാഠമാണ്. നിർമാണം പൂർത്തിയാക്കി തുറന്നുകൊടുത്ത തലപ്പാടി-ചെങ്കള ദേശീയപാതയിലും പ്രവൃത്തികൾ നടക്കുന്ന ചെങ്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളിലുമെല്ലാം അവിടവിടെയായി നിർത്തിയിട്ട ചരക്കുവാഹനങ്ങൾ ഇവിടെയും പതിവുകാഴ്ചയാണ്. പുലർച്ചെയും രാവിലെ സമയങ്ങളിലുമാണ് ഇത് കൂടുതൽ.
പടന്നക്കാട് സ്റ്റെല്ലാ മാരിസ് സ്കൂളിനു സമീപം ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്കു പിന്നിൽ ബൈക്കിടിച്ച് വെൽഡിംഗ് ഷോപ്പ് ഉടമയായിരുന്ന നീലേശ്വരം കണിച്ചിറയിലെ കെ. ഹരീഷ് (50) മരിച്ചത് കഴിഞ്ഞ ഓഗസ്റ്റ് 18നു രാത്രിയാണ്. പുലർച്ചെ ദേശീയപാതയിൽ നിർത്തിയിട്ട ചരക്കുവാഹനങ്ങൾ മാറ്റിയിടാൻ നിർദേശിക്കുന്നതിനിടെ കാറിടിച്ച് രണ്ടു പൊലീസുകാർക്ക് കാൽ നഷ്ടമായതും ഏതാനും മാസം മുമ്പാണ്. ദേശീയപാതയോരത്തെ സർവീസ് റോഡുകൾക്കുതന്നെ വീതി തീർത്തും കുറവായതും വാഹന പാർക്കിംഗിന് ഒരിടത്തും സ്ഥലസൗകര്യമില്ലാത്തതും മൂലമാണ് ദീർഘദൂര യാത്ര നടത്തുന്ന ചരക്കുവാഹനങ്ങൾ ദേശീയപാതയിൽ തന്നെ നിർത്തിയിടേണ്ടിവരുന്നതെന്ന് ഡ്രൈവർമാർ പറയുന്നു.
മുൻകാലങ്ങളിൽ ദേശീയപാതയോരത്ത് പതിവായി ചരക്കുവാഹനങ്ങൾ നിർത്തിയിടുന്ന വീതിയുള്ള സ്ഥലങ്ങളുണ്ടായിരുന്നു. ഇവിടങ്ങളിൽ രാത്രികാലത്ത് തുറന്നിരിക്കുന്ന ഹോട്ടലുകളും പ്രാഥമിക കർമങ്ങൾക്കുള്ള സൗകര്യവുമൊക്കെ ഉണ്ടായിരുന്നു. ജില്ലയിൽ പടന്നക്കാടും പെരിയയിലുമൊക്കെ ഇങ്ങനെയായിരുന്നു. ദേശീയപാത വികസനം വന്നതോടെ ഇതെല്ലാം ഇല്ലാതായി. വാഹനങ്ങൾ നിർത്തിയിടാൻ മറ്റൊരു സ്ഥലവും ഇല്ലാതിരുന്നതിനാലാണ് ആദ്യകാലങ്ങളിൽ പണി പൂർത്തിയായ ദേശീയപാതയിൽ തന്നെ വാഹനങ്ങൾ നിർത്തിയിട്ടത്. ഇപ്പോൾ ദേശീയപാത തുറന്നുനൽകിയതിനു ശേഷവും ഇത് തുടരുകയാണ്. പണി നടക്കുന്ന ഭാഗങ്ങളിൽ പലയിടത്തും ആവശ്യത്തിന് വെളിച്ചമില്ലാത്തതിനാൽ തൊട്ടടുത്തെത്തുമ്പോൾ മാത്രമാണ് വാഹനങ്ങളിലുള്ളവർ നിർത്തിയിട്ട വാഹനങ്ങളെ കാണുന്നത്. മിക്കപ്പോഴും നിർത്തിയിട്ട വാഹനങ്ങൾക്ക് റിഫ്ളക്ടറുകളോ പാർക്കിംഗ് ലൈറ്റുകളോ പോലും ഉണ്ടാകാറില്ല.
ദേശീയപാതയിലൂടെ വരുന്ന ദീർഘദൂര വാഹനങ്ങൾ എവിടെയെങ്കിലും നിർത്തണമെങ്കിൽ സർവീസ് റോഡുകളിൽ പ്രവേശിച്ചതിനു ശേഷം പാതയോരത്ത് സ്ഥലമുള്ള ഇടങ്ങളിൽ നർത്താമെന്നാണ് നിയമം. എന്നാൽ സർവീസ് റോഡുകളുടെ ഓരങ്ങളിൽ ചരക്കുവാഹനങ്ങൾ നിർത്തിയിടാൻ കഴിയുന്ന വിധത്തിലുള്ള ഒഴിഞ്ഞ സ്ഥലങ്ങൾ ജില്ലയിലെങ്ങും ഇല്ലാത്ത അവസ്ഥയാണ്. സർവീസ് റോഡുകൾക്കുപോലും വീതി തീർത്തും കുറവായതിനാൽ ചരക്കുവാഹനങ്ങൾക്ക് അതിലൂടെ കടന്നുപോകാൻതന്നെ പ്രയാസമാണ്. ചാലിങ്കാലിൽ ടോൾ പ്ലാസ വരുമ്പോൾ അതിനനുബന്ധമായി വിശാലമായ പാർക്കിംഗ് ഏരിയ സ്ഥാപിക്കുമെന്നാണ് ദേശീയപാത അതോറിറ്റിയുടെ ഉറപ്പ്. എന്നാൽ ടോൾ പ്ലാസ എത്രയുംപെട്ടെന്ന് തുടങ്ങാൻ കാണിക്കുന്ന താത്പര്യം പാർക്കിംഗ് ഏരിയ സ്ഥാപിക്കുന്ന കാര്യത്തിൽ കാണുന്നില്ല.
മറ്റു സംസ്ഥാനങ്ങളിൽ ചരക്കുവാഹനങ്ങൾക്ക് നിർത്തിയിടാനായി ദേശീയപാതയോരത്ത് പ്രത്യേക ട്രക്ക് ബേകളും ടെർമിനലുകളും അതിനനുബന്ധമായി ശുചിമുറികൾ, ഫുഡ് കോർട്ടുകൾ, കൺവീനിയൻസ് സ്റ്റോറുകൾ, ഇന്ധന പമ്പുകൾ തുടങ്ങിയവയും സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിൽ ഇനി ഇവ സ്ഥാപിക്കണമെങ്കിൽ ദേശീയപാതയോരത്ത് വീണ്ടും സ്ഥലം ഏറ്റെടുക്കേണ്ടിവരുന്ന അവസ്ഥയാണ്.
Tags : NattuVishasham DistrictNews