പരുമല പെരുന്നാളിനു സമാപനം കുറിച്ച് ഉച്ചകഴിഞ്ഞു നടന്ന റാസ.
പരുമല: പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാം ഓർമപ്പെരുന്നാളിന് കൊടിയിറങ്ങി. പ്രാർഥനയിലൂടെ ആത്മീയവെളിച്ചം സമൂഹത്തിന് പകർന്ന വിശുദ്ധനായിരുന്നു പരുമല തിരുമേനിയെന്ന് മലങ്കരസഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. അസാധ്യകാര്യങ്ങളെ തിരുമേനി പ്രാർഥനയാൽ സാധ്യമാക്കി. വെറും 54 വർഷം മാത്രം ഭൂമിയിൽ ജീവിച്ച ആ ഋഷിവര്യൻ സ്വർഗത്തിൽ വലിയ നിക്ഷേപമുണ്ടാക്കി. അതിനാലാണ് പരുമലയിലെ കബറിടത്തിലേക്ക് ജനലക്ഷങ്ങൾ പ്രവഹിക്കുന്നതെന്നും ബാവ പറഞ്ഞു.
ഇന്നലെ രാവിലെ പള്ളിയിൽ നടന്ന വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്ക് കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിച്ചു. മെത്രാപ്പോലീത്തമാരായ ഡോ.യൂഹാനോൻ മാർ ദീയസ്ക് കോറോസ്, ഡോ.യൂഹാനോൻ മാർ തേവോദോറോസ് എന്നിവർ സഹകാർമികരായിരുന്നു.
പുലർച്ചെ പള്ളിയിൽ യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തായും, ചാപ്പലിൽ ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്തായും വിശുദ്ധ കുർബാനയർപ്പിച്ചു.
ഉച്ചയ്ക്ക് നടന്ന ഭക്തിനിർഭരമായ പ്രദക്ഷിണത്തിൽ മുത്തുക്കുടകളും, മെഴുകുതിരികളുമേന്തി ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ,അല്മായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ.യാക്കോബ് തോമസ് റമ്പാൻ, അസിസ്റ്റന്റ് മാനേജർമാരായഫാ.ജെ.മാത്തുക്കുട്ടി, ഫാ.ഗീവർഗീസ് മാത്യു, നിരണം ഭദ്രാസന സെക്രട്ടറി ഫാ.അലക്സാണ്ടർ ഏബ്രഹാം, വൈദികർ, പരുമല സെമിനാരി കൗൺസിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
തുടർന്ന് കാതോലിക്കാ ബാവയും മെത്രാപ്പോലീത്തമാരും വിശ്വാസികൾക്ക് വാഴ്വ് നൽകി. ആശിർവാദത്തോടെ പെരുന്നാൾ സമാപിച്ചു.
പേട്രൻസ് സമ്മേളനം
പെരുന്നാളിനോടനുബന്ധിച്ചു നടന്ന വിദ്യാർഥി പ്രസ്ഥാനം പേട്രൻസ് ഡേ സമ്മേളനം കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. എംജിഒസിഎസ്എം പ്രസിഡന്റ് ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. സുപ്രീംകോടതി അഭിഭാഷകൻ കുര്യാക്കോസ് തോമസ് മുഖ്യപ്രഭാഷണം നടത്തി.
സഭ അല്മായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, പരുമല സെമിനാരി മാനേജർ യാക്കോബ് തോമസ് റന്പാൻ, വർക്കിംഗ് കമ്മിറ്റിയംഗം ജേക്കബ് മാത്യു, ജനറൽ സെക്രട്ടറി ഫാ.ഡോ. വിവേക് വർഗീസ്, ഫാ. ഷിബു ടോം വർഗീസ്, ഡോ. കുര്യൻ തോമസ്, ഡോ. ജേക്കബ് ജോൺ, പ്രിയ ജേക്കബ്, ക്രിസൺ കെ. തോമസ്, റിച്ച സൂസൻ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
ചരമ ശതോത്തര രജതജൂബിലി വർഷമായി പ്രഖ്യാപിച്ചു
പരുമല: പരിശുദ്ധ പരുമല തിരുമേനിയുടെ 125-ാം ഓർമപ്പെരുന്നാൾ 28 നവംബർ വരെ നീണ്ടുനിൽക്കുന്ന ചരമ ശതോത്തര രജതജൂബിലിയുടെ പ്രഖ്യാപനം മലങ്കരസഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നടത്തി. ജൂബിലി വർഷത്തിൽ നടപ്പാക്കേണ്ട പദ്ധതികൾ സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസും, സഭാ സമിതികളും കൂടിയാലോചിച്ച് തീരുമാനിക്കും.
റെഡ്ക്രോസ് പ്രഥമശുശ്രൂഷാ കേന്ദ്രം പ്രവർത്തിച്ചു
പരുമല: പെരുന്നാളിനോടനുബന്ധിച്ച് തീർഥാടർക്കായി ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രഥമ ശുശ്രൂഷാ കേന്ദ്രം പ്രവർത്തിച്ചു.
ശുശ്രൂഷാ കേന്ദ്രത്തിന്റെ ഉദ്ഘാടനം പരുമല സെമിനാരി മാനേജർ യാക്കോബ് തോമസ് റമ്പാൻ നിർവഹിച്ചു. ജില്ലാ ചെയർമാൻ, സുനിൽ മാത്യുവള്ളക്കാലിൽ, ജില്ലാ സെക്രട്ടറി ഏഴംകുളം അജു,വർഗീസ് പി.മാത്യു, ഡോ. റോജി പി.ഉമ്മൻ, ഡോ. പ്രിസില്ലജോസ്, രാജലക്ഷ്മി, എബി സ്റ്റീഫൻ, സഖറിയ, എന്നിവർ പ്രസംഗിച്ചു പ്രധാന പെരുന്നാൾ ദിവസങ്ങളിൽ പരുമലയിൽ ഡോക്ടർമാരുടേയും ആരോഗ്യ പ്രവർത്തകരുടെയും റെഡ്ക്രോസ് വോളണ്ടിയർമാരുടെയും ആംബുലൻസിന്റെയും സേവനം മ ുഴുവൻ സമയം ഉറപ്പാക്കിയിരുന്നു.
തിരക്ക് നിയന്ത്രണം പാളി; തീർഥാടകർ കുരുങ്ങി
പരുമല: പരുമലപ്പെരുന്നാളിന്റെ പ്രധാന ദിവസങ്ങളിലെ തിരക്ക് നിയന്ത്രണത്തിൽ വൻ പാളിച്ച. ഞായറാഴ്ച ഉച്ചകഴിഞ്ഞ് തീർഥാടകരുടെ വരവ് വർധിച്ചതോടെ നിയന്ത്രണ സംവിധാനങ്ങൾ പാളി. മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിനൊപ്പം പലയിടങ്ങളിലും കാൽനട തീർഥാടകരുടെ യാത്രപോലും തടസപ്പെട്ടു. മുന്പോട്ടു നീങ്ങാനാകാതെ കാൽനട യാത്രികർ പരുമല പാലം മുതൽ പള്ളിവരെയുള്ള ഭാഗങ്ങളിൽ കാത്തുനിൽക്കേണ്ടിവന്നു.
പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടതാണ് പദയാത്രികരായി എത്തിയവരുടെ യാത്ര തടസപ്പെടാൻ കാരണം തലേന്ന് പൊലിസ് നടപ്പാക്കുമെന്ന് അറിയിച്ച ഗതാഗത നിയന്ത്രണങ്ങളുംപാളി.
നടൻ മമ്മൂട്ടിയുടെ വരവുകൂടിയായപ്പോഴേക്കും തിരക്ക് വർധിച്ചു. ഇതേത്തുടർന്നുണ്ടായ കുരുക്ക് രാത്രിവരെയും തുടരുകയായിരുന്നു. ഇതിനൊപ്പം മഴ കൂടി എത്തിയതോടെ കാൽനട യാത്ര ഏറെ ബുദ്ധിമുട്ടിലായി. ആശുപത്രി റോഡിൽ മുട്ടറ്റം വെള്ളവും ചെളിയും നിറഞ്ഞു. പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിന്നും വാഹനങ്ങൾ എടുക്കാനാകാതെ ആളുകൾ കുടുങ്ങി. ഗതാഗത നിയന്ത്രണത്തിന് മതിയായ പൊലിസിനെ നിയോഗിച്ചിരുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
തിരുവല്ല-മാവേലിക്കര റോഡിലെ സൈക്കിൾമുക്ക് പാലത്തിലെ കുരുക്ക് മറ്റൊരു പ്രശ്നമായി മാറി. വീതി കുറഞ്ഞ പാലത്തിലൂടെ അപകടം കൂടാതെ തീർഥാടകരെ കടത്തിവിടുകയെന്നത് തലവേദനായി. ഇതിനൊപ്പം ആംബുലൻസുകളുടേതടക്കമുള്ള വാഹനങ്ങൾ കൂടി കടത്തിവിടേണ്ടിവന്നത് കുരുക്ക് രൂക്ഷമാക്കി.
Tags :