അടിമാലി: മാങ്കുളത്ത് നിർമാണ തൊഴിലാളികളുടെ വിലകൂടിയ മൊബൈൽ ഫോണുകൾ മോഷ്ടിച്ച ശേഷം കടന്നുകളഞ്ഞ മൂന്നു തമിഴ്നാട് സ്വദേശികളായ യുവാക്കൾ പൊലിസിന്റെ പിടിയിലായി.
മധുര സ്വദേശികളായ ഇവരെ തേനി ബസ് സ്റ്റാൻഡിൽനിന്നാണ് മൂന്നാർ പൊലിസ് പിടികൂടിയത്. മോഷണത്തിനുപിന്നാലെ വിവിധ വാഹനങ്ങളിൽകയറി രക്ഷപ്പെടാൻ ശ്രമിച്ചമധുര സ്വദേശികളായ പി. സുബാഷ് (20), പ്രവീൺ (20), വി. വിഗ്നേഷ് (20) എന്നിവരെയാണു മൂന്നാർ പൊലിസ് പിടികൂടിയത്. മാങ്കുളം വിരിപാറയിലെ സ്വകാര്യ റിസോർട്ടിലെ ജീവനക്കാരായിരുന്നു പ്രതികൾ.
റിസോർട്ടിലെ കെട്ടിട നിർമാണ ജോലിക്കെത്തിയ തോക്കുപാറ സ്വദേശികളായ തൊഴിലാളികളുടെ മൂന്ന് വിലകൂടിയ മൊബൈൽ ഫോണുകളാണ് വെള്ളിയാഴ്ച പുലർച്ചെ ഇവർ മോഷ്ടിച്ചത്. രാവിലെ ഉറക്കമുണർന്നപ്പോഴാണ് ഫോണുകൾ നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് നൽകിയ പരാതിയിൽ പൊലിസ് അന്വേഷണം ആരംഭിച്ചു.
മാങ്കുളത്തുനിന്നു വാഹനത്തിൽ കല്ലാറിലും പിന്നീട് മറ്റൊരു വാഹനത്തിൽ അടിമാലിയിലുമെത്തിയ പ്രതികൾ ബസിൽ മൂന്നാറിലെത്തിയ ശേഷം തേനി ബസിൽ കയറി രക്ഷപ്പെടുകയായിരുന്നു.
പൊലിസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ തേനിയിലുണ്ടെന്ന് കണ്ടെത്തി. തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം തേനി ബസ് സ്റ്റാൻഡിലെത്തിയ പൊലിസ് സംഘം മൂവരെയും പിടികൂടി. മൂന്നാർ എസ്ഐ ജിപ്സൺ മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Tags :