ഗോ പ്രകാശനം ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത നിർവഹിക്കുന്നു.
പത്തനംതിട്ട: പത്തനംതിട്ട കാതോലിക്കേറ്റ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കും. പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനവും ഓഫീസ് ഉദ്ഘാടനവും കോളേജ് റസിഡന്റ് മാനേജർ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത നിർവഹിച്ചു. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് കോളജിൽനിന്നും ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ വിജയിച്ചവർക്കും ഗവേഷണ ബിരുദം നേടിയവർക്കും ഇന്ന് ബിരുദദാന ചടങ്ങ് നടത്തും. മഹാത്മാ ഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. ഡി. മാവൂത്ത് മുഖ്യാതിഥിയായിരിക്കും.
27ന് ദീപശിഖാപ്രയാണം നടക്കും. കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽനിന്ന് ആരംഭിച്ച് പുതുപ്പള്ളി, പുത്തൻകാവ് കത്തീഡ്രൽ എന്നിവിടങ്ങളിൽനിന്നു സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഉച്ചകഴിഞ്ഞ് രണ്ടിന് പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ സമ്മേളിക്കും. തുടർന്ന് സാംസ്കാരിക ഘോഷയാത്രയായി ഗാന്ധി സ്ക്വയർ വഴി കോളജ് അങ്കണത്തിൽ എത്തിച്ചേരും. മെത്രാപ്പോലീത്താമാർ, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ എന്നിവർ പങ്കെടുക്കും. ജൂബിലി ഉദ്ഘാടനം ഓഗസ്റ്റിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നവീനമായ പ്രോജക്ടുകൾ, വിദ്യാർഥി കേന്ദ്രീകൃത സ്കോളർഷിപ്പുകൾ, റൂസ ഫണ്ടിൽ നിന്നു നവീകരിച്ച ബോയ്സ് ഹോസ്റ്റൽ, കാന്റീൻ, പുതിയ മീഡിയ റൂം, കംപ്യൂട്ടർ ലാബുകൾ, സെൻട്രൽ ഇൻസ്ട്രമെന്റേഷൻ ലാബ്, സ്റ്റാർട്ട് അപ്പ് സെൽ, ജിം എന്നിവയുടെ ഉദ്ഘാടനം, പുതുതായി ആരംഭിക്കുന്ന സൈക്കോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സുകളുടെ ഉദ്ഘാടനം, നോളഡ്ജ് ഫെസ്റ്റ്, വിവിധ ചാരിറ്റി പ്രോഗ്രാമുകൾ, വോളിബോൾ ടൂർണമെന്റ്, വിവിധ ആഘോഷ പരിപാടികൾ, അഞ്ച് വില്ലേജുകൾ തെരഞ്ഞെടുത്ത് അവിടങ്ങളിൽ വിവിധ പദ്ധതികൾ നടപ്പാക്കൽ എന്നിവ ജൂബിലി വർഷത്തിൽ നടത്തുമെന്ന് കോളജ് റസിഡന്റ് മാനേജർ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത പത്രസമ്മേളനത്തിൽ പറഞ്ഞു.
1952 ഓഗസ്റ്റ് ഒന്നിനാണ് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവ് കാതോലിക്കേറ്റ് കോളജിന്റെ ഉദ്ഘാടനം നിർവഹിച്ചത്. മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഥമ ഉന്നത വിദ്യാഭ്യാസ കേന്ദ്രമാണ്. ഇന്റർമീഡിയറ്റ് തലത്തിൽ 140 വിദ്യാർഥികളും 10 അധ്യാപകരുമായി തുടങ്ങിയ കലാലയത്തിൽ നിലവിൽ 220ലധികം അധ്യാപകരും 1500 ലധം വിദ്യാർഥികളുമായികേരളത്തിലെ ഏറ്റവും മികച്ച കലാലയങ്ങളുടെ നിരകളിലേക്ക് ഉയർന്നിട്ടുണ്ട്. കഴിഞ്ഞ 75 വർഷംകൊണ്ട് ഇന്ത്യയിലെ തന്നെ മികച്ച കലാലയങ്ങളുടെ ശ്രേണിയിലേക്ക് കാതോലിക്കേറ്റ് കോളജ് വളർന്നിട്ടുണ്ട്. ഏറ്റവും അടുത്തുതന്നെ കോളജിന് ഓട്ടോണോമസ് പദവി നേടാനുള്ള ശ്രമത്തിലാണെന്ന് റസിഡന്റ് മാനേജർ പറഞ്ഞു. തുടർച്ചയായ രണ്ടു പ്രാവശ്യവും യുജിസി നാക് അക്രഡിറ്റേഷനിൽ ഇന്ത്യയിലെ മികച്ച കലാലയങ്ങൾക്കുള്ള എ++ ഗ്രേഡ് കരസ്ഥമാക്കുവാനും കോളജിനു സാധിച്ചിട്ടുണ്ട്.
കലാകായിക രംഗങ്ങളിലും സർവകലാശാല, ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും മികവ് തെളിയിക്കുവാൻ കാതോലിക്കേറ്റ് കോളജിലെ വിദ്യാർഥികൾക്ക് സാധിച്ചിട്ടുണ്ട്.
പ്രിൻസിപ്പാൾ ഡോ. റെന്നി പി.വർഗീസ്, ജനറൽ കൺവീനർ ഡോ. ബിനോയ് ടി. തോമസ്, ഗവേണിംഗ് ബോർഡ്അംഗം ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, കോഓർഡിനേറ്റർമാരായ ഡോ. ഷൈനി ടി. അലക്സാണ്ടർ, ഡോ. ശൈനോ ഹന്ന വർഗീസ്, പബ്ലിസിറ്റി കൺവീനർ ഡോ. ജോയ് തോമസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.