അറസ്റ്റിലായ പ്രതി
റാന്നി: വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ മുകൾനിലയിൽ നിരോധിത സ്ഫോടകവസ്തുക്കൾ അലക്ഷ്യമായി സൂക്ഷിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശിയെ റാന്നി പൊലിസ് അറസ്റ്റ് ചെയ്തു. തിരുനെൽവേലി ഉത്തുമലൈ ഒഡൈ സ്ട്രീറ്റിൽ നവനീതകൃഷ്ണപുരം നമ്പർ 40-ൽ വെള്ളദുരൈ (39) ആണ് അറസ്റ്റിലായത്.
റാന്നി-അങ്ങാടി വില്ലേജിൽ പേട്ടയിൽ ശാലേശ്വരം സ്വദേശിനിയുടെ വീടിന്റെ മുകൾനിലയിലാണ് വെള്ളദുരൈ വാടകയ്ക്ക് താമസിച്ചിരുന്നത്. ലൈസൻസോ അനുമതിയോ ഇല്ലാതെ നിരോധിത സ്ഫോടകവസ്തുക്കൾ ഇയാൾ മുറിയിൽ സൂക്ഷിച്ചിരുന്നതായി പൊലിസ് കണ്ടെത്തി. കഴിഞ്ഞ മേയ് മൂന്നിന് രാവിലെ 8.30ഓടെ പരാതിക്കാരി വീടിന്റെ പരിസരത്ത് ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ വീടിന്റെ മതിലുകൾക്കും സമീപത്തെ മറ്റു വീടുകൾക്കും നാശനഷ്ടങ്ങളുണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ താമസിച്ചിരുന്ന മുറിയിൽനിന്ന് 13 നിരോധിത സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്.
റാന്നി പൊലിസ് സ്റ്റേഷനിൽ സ്ഫോടകവസ്തു നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി ശാസ്ത്രീയ പരിശോധനകളും നടത്തി. എസ്ഐ എസ്. സിബി, എഎസ്ഐ സുമാകുമാരി, സിപിഒമാരായ എം.ജി. അനീഷ്, സി.വി. ജിബിൻ ദാസ്, ഇ.എൻ. സുബിൻ എന്നിവരടങ്ങിയ പൊലിസ് സംഘമാണ് മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന വെള്ളദുരൈയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. റാന്നി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.