കരുവാരകുണ്ട് ആരോഗ്യ ഉപകേന്ദ്രം.
കരുവാരകുണ്ട്: മാമ്പറ്റ വാര്‍ഡിലെ ആരോഗ്യ ഉപകേന്ദ്രം ഉയരത്തിലായതിനാല്‍ രോഗികള്‍ക്ക് ദുരിതം. റോഡില്‍ നിന്ന് കുത്തനെയുള്ള കയറ്റവും അപകടനിലയിലുള്ള പടികളും കയറി വേണം രോഗികള്‍ക്ക് സബ് സെന്ററിലെത്താന്‍.
ഏറുമാടത്തില്‍ കയറുന്നതിനേക്കാള്‍ പ്രയാസപ്പെട്ടാണ് പ്രായമായവരും ഗര്‍ഭിണികളും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരും ഇവിടെ ചികിത്സ തേടിയെത്തുന്നത്. പടികള്‍ കയറുന്നതിനിടെ കാല്‍വഴുതി താഴേക്ക് പതിച്ച് ആളുകള്‍ക്ക് പരിക്കേല്‍ക്കുന്നത് ഇവിടെ നിത്യസംഭവമാണ്.
അടിയന്തര സാഹചര്യങ്ങളില്‍ എത്തുന്ന രോഗികള്‍ക്കും ഈ ദുരവസ്ഥ വലിയ തിരിച്ചടിയാണ്. സബ് സെന്ററിലേക്ക് വാഹനങ്ങള്‍ക്കും ആംബുലന്‍സുകള്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാകുന്ന രീതിയില്‍ വഴി സൗകര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
നിലവിലെ കെട്ടിടത്തിലേക്കുള്ള പ്രവേശനപാതയും അടിസ്ഥാന സൗകര്യങ്ങളും അടിയന്തരമായി മെച്ചപ്പെടുത്തുകയോ, അല്ലെങ്കില്‍ ജനങ്ങള്‍ക്ക് സുഗമമായി എത്തിച്ചേരാന്‍ കഴിയുന്ന മറ്റൊരു സ്ഥലത്തേക്ക് സബ് സെന്റര്‍ മാറ്റുകയോ വേണം. വിഷയത്തില്‍ ആരോഗ്യവകുപ്പും ഗ്രാമപഞ്ചായത്തും അടിയന്തരമായി ഇടപെടണമെന്ന് ആര്‍ജെഡി നേതാവ് സുനില്‍ ജേക്കബ് കടമപ്പുഴ ആവശ്യപ്പെട്ടു.