തിരുമാറാടിയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ അവശനിലയിൽ കണ്ടെത്തിയ മയിലിനെ സുരക്ഷിത താവളത്തിലേക്ക് മാറ്റുന്നു.
തിരുമാറാടി : കാക്കൂർ കൂരാപ്പിള്ളി കുരിശ് പ്രദേശത്ത് അവശനിലയിൽ കണ്ടെത്തിയ മയിലിനെ വനം വകുപ്പിന്റെ നേതൃത്വത്തിൽ സുരക്ഷിത താവളത്തിലേക്ക് മാറ്റി. മനയ്ക്കൽപറമ്പിൽ എം.എ.ലാൽസെന്റെ പുരയിടത്തിലും സമീപ്രദേശങ്ങളിലും കഴിഞ്ഞ കുറിച്ചു ദിവസങ്ങളായി മയിലിനെ കാണപ്പെട്ടിരുന്നു.
എന്നാൽ കഴിഞ്ഞദിവസം മയിലിനെ അവശനിലയിൽ കണ്ടെത്തിയതിനാൽ വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കെ.വർഗീസ് വാർഡ് മെമ്പർമാരായ ബിനോയ് കള്ളാട്ടുകുഴി, ഏബിൾ ഏബ്രഹാം, പ്രദേശവാസി രാജമണി എന്നിവർ കോതമംഗലം റാപ്പിഡ് റെസ്പോൺസ് ടീമിനെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.എസ്.മാഹിൻ, എസ്.ശരത്, സർപ റെസ്ക്യൂവർമാരായ പി.ആർ.റെജിൻ, കെ.ആർ.ബിപിൻ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി മയിലിനെ സുരക്ഷിതമായി പിടികൂടി കോതമംഗലത്തേക്ക് കൊണ്ടുപോയി. കാലിന് പരിക്കേറ്റ മയിലിന് ആവശ്യമായ ചികിത്സ നൽകിയ ശേഷം തുറന്നുവിടുമെന്ന് വനം വകുപ്പ് അറിയിച്ചു.
Tags : Nattuvishesham District News Peacock