നീലേശ്വരം: ദേശീയപാത വികസനത്തിന്റെ ഭാഗമായി നീലേശ്വരം പുഴയ്ക്ക് കുറുകേയുള്ള പഴയ പാലം പൊളിച്ചുമാറ്റി പുതിയത് നിർമിക്കണമെന്നും ഇതിന്റെ തുടർച്ചയായി കോട്ടപ്പുറം റോഡ് മുതൽ മാർക്കറ്റ് ജംഗ്ഷൻ വരെ മേൽപ്പാലം നിർമിക്കണമെന്നും ആവശ്യപ്പെട്ട് ജനകീയ സമര പരിപാടികൾ സംഘടിപ്പിക്കാൻ നഗരസഭ കോൺഫറൻസ് ഹാളിൽ ചേർന്ന സർവകക്ഷി യോഗം തീരുമാനിച്ചു.
സമരത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ 28 ന് നഗരസഭയിലെ 34 കൗൺസിലർമാരും ഉപവാസം അനുഷ്ഠിക്കും. തുടർന്നുള്ള സമരപരിപാടികൾ തീരുമാനിക്കാൻ നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു.
ദേശീയപാത വികസനം പൂർത്തിയാകുമ്പോൾ നഗരം രണ്ടായി വിഭജിക്കപ്പെടുമെന്നും ഇത് ജനജീവിതത്തെയും വാണിജ്യ മേഖലയെയും ഗുരുതരമായ തരത്തിൽ ബാധിക്കുമെന്നുമാണ് ആശങ്ക. കോട്ടപ്പുറം റോഡ് ജംഗ്ഷനിൽ മേൽപ്പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നഗരസഭാ ചെയർമാന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം കണ്ണൂരിലെത്തി ദേശീയപാത അധികൃതർക്ക് നിവേദനം നൽകിയിരുന്നു.
ഇതേത്തുടർന്ന് സ്ഥലം സന്ദർശിച്ച ദേശീയപാത എൻജിനിയർമാരുടെ സംഘം നീലേശ്വരം പുഴയ്ക്ക് കുറുകേയുള്ള പഴയ പാലം പൊളിച്ചുമാറ്റി പുതിയത് നിർമിക്കുന്ന സമയത്തുമാത്രമേ ഈ ആവശ്യം പരിഗണിക്കാൻ കഴിയൂ എന്നാണ് അറിയിച്ചത്.
ദേശീയപാത വികസനത്തിനായി നിലവിൽ തയാറാക്കിയ രൂപരേഖയിൽ ഇത് ഉൾപ്പെട്ടിട്ടില്ല. മേൽപ്പാലത്തിനായുള്ള അടിയന്തിര ആവശ്യവും കാലപ്പഴക്കമുള്ള പഴയ പാലത്തിന്റെ അപകടാവസ്ഥയും പരിഗണിച്ച് ഇക്കാര്യം കൂടി എത്രയും പെട്ടെന്ന് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.
യോഗത്തിൽ നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ പി.എം. സന്ധ്യ, സ്ഥിരം സമിതി ചെയർമാൻമാരായ ഇ.കെ. ചന്ദ്രൻ, കെ. സതീശൻ, ഷമീന മുഹമ്മദ്, ഇ. ചന്ദ്രമതി, കൗൺസിലർമാരായ പി.വി. സതീശൻ, ഇ. ഷജീർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എ.വി. സുരേന്ദ്രൻ, എറുവാട്ട് മോഹനൻ, മാമുനി വിജയൻ, പി. വിജയകുമാർ, കെ.പി. നസീർ, ഷംസുദ്ദീൻ അരിഞ്ചിറ, പി.യു. വിജയകുമാർ, സുരേഷ് പുതിയേടത്ത്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, എം.ജെ. ജോയി, വ്യാപാരി സംഘടന പ്രതിനിധികളായ കെ.വി. സുരേഷ് കുമാർ, ഉദയകുമാർ, മാധ്യമപ്രവർത്തകരായ സേതു ബങ്കളം, സുരേഷ് മടിക്കൈ എന്നിവർ പ്രസംഗിച്ചു.
നീലേശ്വരം പുഴ മുതൽ പോലീസ് സ്റ്റേഷൻ വരെ തൂണുകൾക്കു മുകളിൽ ആകാശപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ മാർക്കറ്റ് ജംഗ്ഷനിൽ അനിശ്ചിതകാല സമരം തുടങ്ങിയിട്ടുണ്ട്.
വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകളുടെ സഹകരണത്തോടെ നടക്കുന്ന സമരം റിട്ട. എസ്പി പി.കെ. രാജു ഉദ്ഘാടനം ചെയ്തു. ശ്രീനാഥ് ശശി അധ്യക്ഷത വഹിച്ചു. മുൻ നഗരസഭാ കൗൺസിലർ റഫീക്ക് കോട്ടപ്പുറം, അഡ്വ. നസീർ, സി.എച്ച്. ഷംസുദീൻ, കെ.പി. ജയരാജൻ, പ്രകാശൻ കൊട്ടറ, എൻ.വി. പ്രഭു, കെ.വി.പി. ഹമീദ്, അഡ്വ. നിസാം, പദ്മരാജൻ ഐങ്ങോത്ത്, ഗോപിനാഥൻ മുതിരക്കൽ എന്നിവർ പ്രസംഗിച്ചു.