കിഴക്കേക്കോട്ട - സ്റ്റാച്ച്യു റോഡിൽ രൂപപ്പെട്ട കുഴികൾ.
തൃപ്പൂണിത്തുറ: നഗരഹൃദയത്തിലെ പ്രധാന റോഡിൽ ആളെ വീഴ്ത്തുന്ന കുഴി രൂപപ്പെട്ട് മാസങ്ങളായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ. തൃപ്പൂണിത്തുറ കിഴക്കേക്കോട്ട - സ്റ്റാച്ച്യു റോഡിൽ വസ്ത്ര വ്യാപാര ശാലയ്ക്ക് സമീപത്താണ് റോഡിൽ വിരിച്ചിട്ടുള്ള കട്ടകൾ താഴ്ന്ന് കുഴികൾ രൂപപ്പെട്ടിട്ടുള്ളത്.
ഫുട്പാത്തിനോട് ചേർന്നുതന്നെയുള്ള ഭാഗത്ത് രൂപപ്പെട്ടിട്ടുള്ള കുഴിയിൽ കാൽനടയാത്രക്കാർ അപകടത്തിൽപ്പെടുന്ന സംഭവങ്ങളുമുണ്ട്. നഗരസഭയുടെയും പിഡബ്ല്യുഡിയുടെയും മൂക്കിന് താഴെയായി നാളുകളായി കുഴി രൂപപ്പെട്ട് കിടക്കുകയാണെങ്കിലും നഗരസഭാധികൃതരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇത് കണ്ട മട്ട് നടിച്ചിട്ടില്ല. ദിവസേന ആയിരക്കണക്കിനാളുകൾ സഞ്ചരിക്കുന്ന റോഡാണിത്. അപകടത്തിൽപ്പെട്ട പലരുടെയും കാലുകൾക്ക് ഉളുക്കും ചതവുമുണ്ടായിട്ടുണ്ട്.
അത്തത്തിന്റെ തിരക്കിലേയ്ക്ക് കടക്കുന്ന നഗരത്തിൽ ഇനിയുള്ള ദിവസങ്ങളിൽ കാൽനട യാത്രക്കാർക്ക് കൂടുതൽ അപകട ഭീഷണിയാകുകയാണ് ഈ കുഴികൾ.
Tags : Pitfall NattuVishasham DistrictNews