ലോറിക്കു സമീപത്തുനിന്ന് ഗ്യാസ് മുകളിലേക്ക് ഉയരുന്നു.
ഉള്ളൂര്‍: കുമാരപുരത്ത് പിഎന്‍ജി (പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ്) വാതക ലൈന്‍ പൊട്ടിയത് ആഴത്തില്‍ സ്ഥാപിക്കാത്തതു കൊണ്ടാണെന്നു വിലയിരുത്തല്‍. 2030-ഓടെ നഗരപരിധിയിലെ വീടുകളില്‍ പാചകവാതകം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തിങ്ക് ഗ്യാസ് കമ്പനി സ്ഥാപിച്ച ഗ്യാസ് ലൈനിലാണ് പൊട്ടി വാതകം ചോര്‍ന്നത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടടുത്ത് കുമാരപുരം-കിംസ് ആശുപത്രി റോഡില്‍ പൂന്തി റോഡിലായിരുന്നു അപകടം. റോഡുപണിക്കിടെ കുഴിക്കുന്നതിനിടെ ജെസിബിയുടെ കൈ കൊണ്ടാണ് ഒന്നരമീറ്ററോളം ദൂരത്തില്‍ ഫൈബര്പൈപ്പിനു പൊട്ടലുണ്ടായത്. സംഭവം നടന്നയുടന്‍ ദൃക്സാക്ഷികള്‍ ചാക്ക ഫയര്‍സ്റ്റേഷനില്‍ അറിയിക്കുകയും ഇവിടെനിന്നു കമ്പനി അധികൃതരെ വിവരം ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ അവരെത്തി വാല്‍വ് അടയ്ക്കുകയുമായിരുന്നു.
എങ്കിലും 15 മിനിറ്റോളം വാതകം ആകാശത്തേക്കു ചോര്‍ന്നതു സംഭവം കണ്ടവരില്‍ പരിഭ്രാന്തിയുണ്ടാക്കി. ഗ്യാസ് കമ്പനിയുടെ ഒരു വാഹനം ഇതിനു സമീപത്തുതന്നെ കിടക്കുന്നുണ്ടായിരുന്നു. ചാക്ക സ്റ്റേഷനില്‍നിന്ന് അസി. സ്റ്റേഷന് ഓഫീസര്‍ വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ സേനയെത്തുകയും പൊതുജനങ്ങള്‍ പൈപ്പിനടുത്തേക്ക് പോകാതിരിക്കാനും സുരക്ഷ ഉറപ്പാക്കാനുമുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
കഴിഞ്ഞ ഒരുവര്‍ഷമായി മെഡിക്കല്‍ കോളജിലും പരിസരത്തുമായി ഗ്യാസ് ലൈന്‍ സ്ഥാപിക്കുകയും പരീക്ഷണഘട്ടം നടത്തുകയും ചെയ്തുവരികയാണ്. അതേസമയം ഗ്യാസ് ലൈന്‍ കടന്നുപോകുന്നത് റോഡിലെ നിരപ്പില്‍നിന്ന് അരമീറ്റര്‍ മാത്രം ആഴത്തിലാണെന്നും അതുകൊണ്ടാണ് ജെസിബി കൊണ്ടു തോണ്ടിയപ്പോള്‍ പൊട്ടിയതാണെന്നുമാണ് പ്രധാന ആരോപണം. ചെറിയ ചെറിയ ഫൈബര്‍ പൈപ്പുകള്‍ കൂട്ടിച്ചേര്‍ത്താണു ലൈന്‍ സ്ഥാപിച്ചിരിക്കുന്നത്. തകര്‍ച്ചയിലായ ലൈന്‍ എത്രയും വേഗം പുനഃസ്ഥാപിക്കുമെന്നു കമ്പനി അധികൃതര്‍ വ്യക്തമാക്കി.
Tags : Nattuvishesham LocalNews