കൊല്ലം: സംസ്ഥാനത്തിന്റെ വികസന കാഴ്ചപ്പാടുകൾക്കു ശക്തിപകരുന്ന പ്രീ-ബജറ്റ് ചർച്ചയുടെ ഭാഗമായി, ഫിഷർമെൻ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം (എഫ്സിഡിപി) തയാറാക്കിയ വിവിധ വികസന നിർദേശങ്ങൾ മുഖ്യമന്ത്രി വി.ഡി.
സതീശന് ഡയറക്ടർ ഫാ. സജി ഇളമ്പാശേരിൽ എസ്ഡിബി സമർപ്പിച്ചു.
കടൽ കോൺക്ലേവിലെ നയങ്ങളും നിർദേശങ്ങളും അംഗനജ്യോതി, മുക്തിതീരം എന്നീ പദ്ധതികളാണ് ബജറ്റിൽ ഉൾപ്പെടുത്തുന്നതിനായി കൈമാറിയത്.
തീരദേശ സമൂഹവും മത്സ്യത്തൊഴിലാളി ജനതയും നേരിടുന്ന വെല്ലുവിളികളും വികസന ആവശ്യങ്ങളും ആഴത്തിൽ പഠിച്ച് ചർച്ച ചെയ്ത കടൽ കോൺക്ലേവിൽ വിവിധ മേഖലകളിലെ വിദഗ്ധർ, മത്സ്യത്തൊഴിലാളി പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ എന്നിവർ മുന്നോട്ടുവച്ച നിർദേശങ്ങളും നയ ശിപാർശകളും ഉൾക്കൊള്ളുന്ന നയരേഖ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.
കൂടാതെ, സംസ്ഥാന തലത്തിൽ അംങ്കണവാടി അധ്യാപകരുടെ ഗുണനിലവാരം വർധിപ്പിക്കാനായി അംഗനജ്യോതി , സുസ്ഥിരമായ ലഹരി വിരുദ്ധ പോരാട്ടത്തിനായി ഗവൺമെന്റ് സംവിധാനങ്ങളോട് ചേർന്ന് സ്ഥാനത്ത് ഉടനീളം രൂപീകരിക്കേണ്ട ജനകീയ പ്രതിരോധ കൂട്ടായ്മയ്ക്ക് മാതൃകയായി മുക്തിതീരം എന്നീ പദ്ധതികൾ വിശദമായി ചർച്ച ചെയ്തു.
സമൂഹത്തെ കാർന്നുതിന്നുന്ന ലഹരി വിപത്തിനെതിരെ ഗവൺമെന്റ് ആവിഷ്കരിച്ച “ തൂഫാൻ – ദി നാർക്കോട്ടിക് ഹണ്ട്”സന്നദ്ധ സംഘടനകളെ ഉൾപ്പെടുത്തികൊണ്ട് ജനജീയ കാമ്പയിനായി മുന്നോട്ട് കൊണ്ട് പോകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.
ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും തീരദേശ ജനതയുടെയും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെയും വികസന ആവശ്യങ്ങൾക്ക് സർക്കാർ പ്രത്യേക പരിഗണന നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
ചർച്ചയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറി രത്തൻ യു. കേൽക്കർ, കെഎൽസിഎ സംസ്ഥാന വൈസ് പ്രസിഡന്റ് പാട്രിക്ക് മൈക്കിൾ എന്നിവർ സന്നിഹിതരായിരുന്നു.
Tags : nattu vishesham Pre-Budget Discussion: