അഞ്ചല്‍ : സുഹൃത്തിന്റെ വീട്ടില്‍ നിന്ന് 17 ഗ്രാം സ്വര്‍ണവും 12000 രൂപയും കവര്‍ച്ച ചെയ്ത കേസില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. അഞ്ചല്‍ തഴമേല്‍ തളുവച്ചിറ വീട്ടില്‍ ജിതിന് ഏലിയാസ് (34) ആണ് ഏരൂര്‍ പോലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ 17നാണ് ഏരൂര്‍ വിളക്കുപാറ കമ്പകത്തടം ശ്രീവിലാസത്തില്‍ ഷീജയുടെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന മാല ഏലസ് കമ്മല്‍ ഉള്‍പ്പടെ 17 ഗ്രാമോളം സ്വര്‍ണവും പേഴ്സില്‍ സൂക്ഷിച്ചിരുന്ന 12000 രൂപയും മോഷണം പോയത്.
ഭര്‍തൃ പിതാവ് മരിച്ചതുമായി ബന്ധപ്പെട്ട് ഷീജയും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഈസമയത്താണ് മകന്റെ സുഹൃത്ത് കൂടിയായ ജിതിന് ഏലിയാസ് വീട്ടില്‍ എത്തി കവര്‍ച്ച നടത്തിയത്.
മരണത്തില്‍ പങ്കെടുത്തശേഷം വീട്ടിലെത്തിയ ഷീജ സമീപത്തെ ഒരാള്‍ക്ക് പണം നല്‍കുന്നതിനായി പേഴ്സ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായതായി മനസിലാക്കുന്നത്. കൂടുതല്‍ പരിശോധനയില്‍ സ്വര്‍ണാഭരണങ്ങളും കാണാതായതോടെ ഏരൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കവര്‍ച്ച നടന്നതായി പറഞ്ഞ സമയം ജിതിന് ഏലിയാസ് മാത്രമായിരുന്നു ഷീജയുടെ വീട്ടില്‍ എത്തിയതെന്ന് കണ്ടെത്തി. ഇതേതുടര്‍ന്ന് അഞ്ചല്‍ കോളജ് ജംഗ്ഷനിലെ ലോഡ്ജില്‍ നിന്നു ജിതിനെ പിടികൂടുകയായിരുന്നു.
ജിതിന് ആദ്യം കൂറ്റം സമ്മതിച്ചില്ല. കവര്‍ച്ച ചെയ്ത ആഭരണങ്ങളുടെ കുറച്ചുഭാഗം ലോഡ്ജില്‍ നിന്നു കണ്ടെത്തിയതോടെ കൂറ്റം സമ്മതിച്ചു.
ബാക്കി ഭാഗം സ്വര്‍ണം ഇയാള്‍ വില്പന നടത്തിയെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പിന്നീട് വൈദ്യപരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയശേഷം കോടതിയില്‍ ഹാജാരാക്കി റിമാന്‍ഡ് ചെയ്തു.
Tags : Local News Nattuvishesham Kollam