പ്രതീകാത്മക ചിത്രം
പത്തനംതിട്ട: പശ്ചിമഘട്ട പരിസ്ഥിതിലോല മേഖലയായി കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജില്ലയിലെ ജനവാസ വില്ലേജുകളെ ഒഴിവാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 19ന് ചിറ്റാറില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.
വൈകുന്നേരം നാലിന് ചിറ്റാര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ കൂട്ടായ്മ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിക്കും. കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.
പ്രതിഷേധ കൂട്ടായ്മയില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍, ജില്ലയിലെ എംല്‍എമാര്‍, കെപിസിസി, ഡിസിസി, പോഷക സംഘടനാ നേതാക്കള്‍, മത, സാമൂഹിക, സാംസ്കാരിക, പരിസ്ഥിതി സംഘടനകളുടെ പ്രതിനിധികള്‍, പരിസ്ഥിതി ലോല പ്രദേശങ്ങളായി കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വില്ലേജുകളിലെ ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, കര്‍ഷക സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് ഡിസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി അറിയിച്ചു.
പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളായി കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജില്ലയിലെ ജനവാസ വില്ലേജുകളെ ഒഴിവാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവിനും പരിസ്ഥിതി മന്ത്രാലയം സെക്രട്ടറിക്കും ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ നിവേദനം നല്‍കിയതായി ഡിസിസി അറിയിച്ചു.
19ന് ചിറ്റാറില്‍ നക്കുന്ന പ്രതിഷേധ കൂട്ടായ്മയുടെ വിജയകരമായ നടത്തിപ്പിനുവേണ്ടി ഇന്ന് മൂന്നിന് ചിറ്റാര്‍ കോണ്‍ഗ്രസ് ഭവനില്‍ സ്വാഗതസംഘം യോഗം ചേരുമെന്ന് ഡിസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവേൽ കിഴക്കുപുറം അറിയിച്ചു.